വിവാഹ പ്രായം 21, ലിവിങ് റിലേഷന് രജിസ്‌ട്രേഷൻ; നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ

ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് ചരിത്രം കുറിച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും ഏകീകൃത സിവിൽ കോഡ് അംഗീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വിവേചനം അവസാനിപ്പിക്കാനുള്ള ഭരണഘടനാപരമായ നടപടിയാണ് ഏകീകൃത സിവിൽ കോഡെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് നടപ്പാക്കുന്നതോടെ യഥാർത്ഥ അർത്ഥത്തിൽ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും ധാമി പറഞ്ഞു. നിക്കാഹ് ഹലാല, ബഹുഭാര്യത്വം, ശൈശവവിവാഹം, മുത്തലാഖ് തുടങ്ങിയ തിന്മകൾ നിർത്തലാക്കാനാവും. ഭരണഘടനയുടെ 342-ാം അനുച്ഛേദത്തിൽ പരാമർശിച്ചിരിക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കാനാകും. ഏകീകൃത സിവിൽ കോഡ് ഒരു മതത്തിനും വിഭാഗത്തിനും എതിരല്ലെന്നും ആരെയും ലക്ഷ്യം വയ്ക്കുന്ന പ്രശ്നമില്ലെന്നും വീണ്ടും വ്യക്തമാക്കുന്നുവെന്നും ധാമി പറഞ്ഞു.

മതത്തിന്റെ വേർതിരുവുകളില്ലാതെ എല്ലാ പൗരന്മാർക്കും ഏകീകൃത വിവാഹം, വിവാഹമോചനം, സ്വത്ത്, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവ ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ് അഥവാ യൂണിഫോം സിവിൽ കോഡാണ് ഇന്ന് ഉത്തരാഖണ്ഡിൽ നിലവിൽ വന്നത്. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബിജെപി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന് പൂർത്തികരിക്കുകയാണ് ഇതിലൂടെ.

2022ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നത്. മതാചാര പ്രകാരം വിവാഹം കഴിഞ്ഞാലും യുസിസി പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യുക എന്നത് ഏകീകൃത സിവിൽ കോഡിലെ പ്രധാന നിയമമാണ്. ഏകീകൃത സിവിൽ കോഡ് പ്രകാരം പുരുഷന്റെയും സ്ത്രീയുടെയും വിവാഹ പ്രായം 21 വയസായിരിക്കും. വിവാഹത്തിന് മുമ്പ് വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നാൽ മൂന്ന് മാസത്തേക്ക് ജയിൽ തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. രജിസ്ട്രേഷനിൽ ഒരു മാസത്തെ കാലതാമസമുണ്ടായാൽ പോലും മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

ലിവിങ് റിലേഷനിൽ ഏർപ്പെടുന്നവരും യുസിസി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തപക്ഷം തടവ് ശിക്ഷയുൾപ്പെട നിയമം വ്യവസ്ഥ ചെയ്യുന്നു. ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് എന്നിവയ്ക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നു, വിവാഹ മോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയാണ് സിവിൽ കോഡിലെ മറ്റ് ചില പ്രധാന ഘടകങ്ങൾ. അതേസമയം ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.

പാരമ്പര്യ അവകാശങ്ങളുടെ കാര്യത്തിൽ പൗരന്മാർക്കിടയിൽ തുല്യത ഉറപ്പാക്കാനും നിയമനിർമ്മാണം ലക്ഷ്യമിടുന്നു. ലിവിങ് റിലേഷൻഷിപ്പുകളിൽ ജനിക്കുന്ന കുട്ടികളെ “ദമ്പതികളുടെ നിയമാനുസൃത കുട്ടി” ആയി യുസിസി അംഗീകരിക്കുകയും അവർക്ക് അനന്തരാവകാശത്തിൽ തുല്യാവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ലിംഗവ്യത്യാസങ്ങൾ ഒഴിവാക്കി ആൺമക്കളെയും പെൺമക്കളെയും കുട്ടികളായി സിവിൽ കോഡിൽ കണക്കാക്കുന്നു.

ഒരു സ്ത്രീക്ക് ഭർത്താവിനെ നഷ്ടപ്പെടുമ്പോഴോ വിവാഹമോചനം നേടുമ്പോഴോ മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങൾ പിന്തുടരുന്ന നിക്കാഹ് ഹലാലയും ഇദ്ദത്തും ഉൾപ്പെടെയുള്ള ആചാരങ്ങൾ യൂണിഫോം സിവിൽ കോഡ് നിരോധിക്കുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. നാല് സെക്ഷനുകളിലായി 182 പേജാണ് നിയമത്തിനുള്ളത്.

മതം, ലിംഗഭേദം, ജാതി, അല്ലെങ്കിൽ സമുദായം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളില്ലാത്ത, യോജിപ്പുള്ള ഒരു സമൂഹത്തിന്റെ അടിത്തറ യുസിസി സ്ഥാപിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡിനായുള്ള കരട് റിപ്പോർട്ട് 2023 ജൂലൈ 15 ന് സർക്കാരിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി.

2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം, പാർട്ടി അധികാരത്തിലെത്തിയാൽ യുസിസി നടപ്പാക്കുമെന്നതായിരുന്നു. സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് യുസിസിയുടെ കരട് തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർന്ന് അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപംനൽകി. കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡിലെ രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സമിതി പരിഗണിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം ആളുകളുമായാണ് സംസാരിച്ചത്.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ഉത്തരാഖണ്ഡ് രാജ്യത്തിനാകെ മാതൃകയാണെന്ന് കഴിഞ്ഞ ദിവസം പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഭരണഘടനയുടെ 44 -ാം വകുപ്പ് പ്രകാരം നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ഇത് ഉത്തരാഖണ്ഡിലെ ജനങ്ങൾ പിന്തുണയ്ക്കുകയും ചെയ്തുവെന്നും ഇത് ഏറെ അഭിമാനകരമായ കാര്യമാണെന്നും പുഷ്‌കർ സിങ് ധാമി കൂട്ടിച്ചേർത്തു.

അതേസമയം യുസിസിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് തുടരുകയാണ്. വർഗീയ വിഭജനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. യുസിസി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി, യുസിസി ഉയർത്തിക്കാട്ടിയുള്ള പ്രചാരണം ഇനി സജീവമാക്കിയേക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ