'മലേറിയയും കൊറോണയും ഡെങ്കിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് സനാതന ധര്‍മ്മം'; എതിര്‍ക്കപ്പെടേണ്ടതിനേക്കാള്‍ തുടച്ചു നീക്കപ്പെടേണ്ടതെന്ന് ഉദയനിധി സ്റ്റാലിന്‍

മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധര്‍മ്മമെന്ന്‌ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്ന് പറഞ്ഞ   ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു. മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ എന്നാണ് ഉദയനിധി സ്റ്റാലിന്‍ ഉപമിച്ചത്.  ശനിയാഴ്ച ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയിൽ ഇരുത്തിയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സനാതന ധര്‍മ്മത്തെ വിമര്‍ശിച്ചതും തുടച്ചു നീക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടതും.

ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം

എതിര്‍ക്കപ്പെടേണ്ടതിനേക്കാള്‍, തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതനം. സനാതനം എന്ന വാക്ക് സംസ്‌കൃതത്തില്‍നിന്നാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞു.

അതേസമയം ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഡിഎംകെ നേതാവും മന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി ഐ ടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയാണ് ആദ്യം രംഗത്തെത്തിയത്. വംശഹത്യക്കുള്ള ഉദയനിധിയുടെ ആഹ്വാനം, ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിന്റെ തീരുമാനം ആണോ എന്നാണ് അമിത് മാളവ്യ ചോദിച്ചത്. ഉദയനിധിക്ക് ശിക്ഷ ലഭിക്കാതെ വിടില്ല എന്നാണ് ആര്‍എസ്എസ് അനുകൂല അഭിഭാഷക കൂട്ടായ്മ വെല്ലുവിളിച്ചിരിക്കുന്നത്.

ഇതിനു പിന്നാലെ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു. സനാതനധർമ്മം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. മതതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സനാതന ധർമ്മം ചെയ്യുന്നതെന്നാണ് പറഞ്ഞത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും  ഉദയനിധി വ്യക്തമാക്കി.

പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാകുന്നത്. കഴിഞ്ഞ ദിവസം സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ച ദിനമലർ പത്രത്തെ വിമർശിച്ചപ്പോൾ, ദ്രാവിഡന്മാർ വിദ്യാഭ്യാസത്തിലും ആര്യന്മാർ കക്കൂസിലും ശ്രദ്ധിക്കുന്നുവെന്ന് ഉദയനിധി തുറന്നടിച്ചിരുന്നു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്