ഉപദേശിച്ചത് മതി, വിജയ്യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ ഈസിയായി ഭരണം പിടിക്കാം; പ്രശാന്ത് കിഷോറിന്റെ സേവനം അവസാനിപ്പിക്കാന്‍ ടിവികെ

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുന്നതിനായുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ നിയോഗിച്ച പ്രശാന്ത് കിഷോറിനെ ഒഴിവാക്കാന്‍ നടന്‍ വിജയ്യുടെ പാര്‍ട്ടി. വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ)ത്തിന്റെ നയങ്ങളും തന്ത്രങ്ങളും തീരുമാനിച്ചിരുന്നത് പ്രശാന്ത് കിഷോറായിരുന്നു.
എന്നാല്‍, കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതൊഴിച്ചാല്‍ പാര്‍ട്ടിയുടെ മറ്റു വേദികളിലൊന്നും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു.

നയരൂപീകരണത്തില്‍ മുഖ്യ പങ്കു വഹിച്ചിരുന്ന ജോണ്‍ ആരോഗ്യസ്വാമി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമനത്തില്‍ അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നു. വിജയ്യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ഈ വിഭാഗം കണക്കുകൂട്ടുന്നത്. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങള്‍ വിജയ് തേടിയിരുന്നത്. അതിനാലാണ് പ്രശാന്ത് കിഷോറിന്റെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒ.പി. രവീന്ദ്രനാഥ് അടക്കമുള്ളവരാണ് വിജയിയുടെ പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. അണ്ണാ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി രവീന്ദ്രനാഥ് രാഷ്ട്രീയത്തില്‍ സജീവമല്ല. 2014-ല്‍ തേനി ലോക്‌സഭാ മണ്ഡലത്തില്‍ അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് എന്‍.ഡി.എ. സഖ്യത്തില്‍ തമിഴ്‌നാട്ടില്‍നിന്ന് വിജയിച്ച ഏകസ്ഥാനാര്‍ഥിയായിരുന്നു രവീന്ദ്രനാഥ്. ഇത്തവണത്തെ തേനിസീറ്റ് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനുവേണ്ടി ഒഴിയുകയായിരുന്നു. രവീന്ദ്രനാഥിനുപകരം പനീര്‍ശെല്‍വം രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പനീര്‍ശെല്‍വത്തിനും രവീന്ദ്രനാഥിനും നിലവില്‍ ഒരു പാര്‍ട്ടിയിലും സ്ഥാനമില്ല. അണ്ണാ ഡി.എം.കെ.യില്‍ ഐക്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം പുതിയ സംഘടന ആരംഭിച്ചിട്ടുണ്ട്. രവീന്ദ്രനാഥ് ഇതില്‍ സജീവമല്ല.

രവീന്ദ്രനാഥിനെ കൂടാതെ മുന്‍ അണ്ണാ ഡി.എം.കെ. നേതാവ് പഴ കറുപ്പയ്യ, പനീര്‍പക്ഷം നേതാവ് പന്‍ട്രുത്തി രാമചന്ദ്രന്‍, രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന തമിഴരുവി മണിയന്‍ എന്നിവരും ടി.വി.കെ.യില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ തള്ളി വിജയ്യുടെ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ഒരു പ്രമുഖ തമിഴ് ദിനപത്രം തമിഴക വെട്രി കഴകവും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത് അടിസ്ഥാനരഹിതമായ വിവരങ്ങളാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ അവഗണിക്കണമെന്നും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

‘2026ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വളര്‍ച്ച തടയുക എന്ന ഉദ്ദേശത്തോടെ, ഒരു പ്രമുഖ തമിഴ് ദിനപത്രം തമിഴക വെട്രി കഴകവും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യത്തെ കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. തെളിവുകളോ അടിസ്ഥാനമോ ഇല്ലാതെ ഈ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്,’- പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് പറഞ്ഞു.

നേരത്തെ, തമിഴക വെട്രിക്കഴകം അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മപുരി ജില്ലയില്‍ നിന്ന് മത്സരിക്കാനൊരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്ന് ടിവികെ ധര്‍മപുരി ജില്ലാ സെക്രട്ടറി ശിവ പറഞ്ഞിരുന്നു. ധര്‍മപുരിയില്‍ നടന്ന ജില്ലാ യോഗത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്ന് വിജയ് മത്സരിക്കുമെന്നും എല്ലാവരും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്നും ശിവ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വണ്ണിയര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള വണ്ണിയര്‍ പാര്‍ട്ടിയായ പിഎംകെയുടെ ഉരുക്ക് കോട്ടയായ ജില്ലയാണ് ധര്‍മപുരി. വിജയ് ഇവിടെ നിന്ന് മത്സരിക്കുമെന്ന സൂചന പുറത്ത് വന്നതോടെ ടിവികെയും പിഎംകെയും സഖ്യമുണ്ടാക്കുമെന്ന് വിലയിരുത്തലുമുണ്ട്. ടിവികെയുമായി സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളുമായി കൂട്ടുകക്ഷി ഭരണത്തിന് തയ്യാറാണെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി ഭരണ സഖ്യത്തിലാകും പിഎംകെയെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷന്‍ അന്‍പുമണി രാമദാസും പറഞ്ഞിട്ടുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും