കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി. ‘ടോയിംഗ്’ (Toing) എന്ന പേരിലാണ് സ്വിഗ്ഗി പുതിയ ആപ്പ് പുറത്തിറക്കുന്നത്. 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് ഈ പുതിയ ആപ്പ് മുൻഗണന നൽകുന്നത്. മിനി മീൽസ്, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, കേക്കുകൾ, മധുരപലഹാരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ടോയിംഗ് ആപ്പിൽ 99 രൂപയിൽ താഴെയുള്ള ഫ്ലാഷ് ഡീലുകൾ ലഭ്യമാണ്. വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം. നിലവിൽ മഹാരാഷ്ട്രയിലെ പൂനെയിൽ മാത്രമാണ് ടോയിംഗ് സേവനം ലഭ്യമാകുന്നത്. കോത്രുഡ്, ഹിഞ്ചേവാഡി, വകദ്, ഔന്ധ്, പിംപിൾ സൗദാഗർ തുടങ്ങിയ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഇതിന്റെ പരീക്ഷണം നടക്കുകയാണ്. സാധാരണയായി പുതിയ പരീക്ഷണങ്ങൾ ബംഗളൂരുവിൽ നടത്തുന്ന സ്വിഗ്ഗി ആദ്യമായിട്ടാണ് പൂനെയിൽ ഒരു പുതിയ ആപ്പ് പരീക്ഷിക്കുന്നത്.
ഇവിടുത്തെ യുവജനസംഖ്യയും കുറഞ്ഞ ബഡ്ജറ്റിൽ ഭക്ഷണം അന്വേഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. സ്വിഗ്ഗി മെയിൻ ആപ്പിൽ 149 രൂപ വില വരുന്ന ചില സാധനങ്ങൾ ടോയിംഗിൽ 120-ന് വരെ ലഭിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമാണ്. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ അവതരിപ്പിച്ച് ‘സൂപ്പർ-ബ്രാൻഡ്’ മാതൃകയിലേക്ക് മാറാനുള്ള സ്വിഗ്ഗിയുടെ തന്ത്രപരമായ നീക്കമായാണ് ഈ പുതിയ ആപ്പ് വിലയിരുത്തപ്പെടുന്നത്.