കര്‍ഷക സമരം ഒടുവിൽ വിജയിച്ചു; ഒരു വർഷം നീണ്ട പ്രതിഷേധങ്ങളിൽ മരിച്ചത് നൂറുകണക്കിന് പേർ

രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒടുവിൽ പ്രഖ്യാപിച്ചു. രാജ്യത്താകമാനം കർഷക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ 3 നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം.

“എന്റെ അഞ്ച് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. രാഷ്ട്രം എന്നെ പ്രധാനമന്ത്രിയാക്കിയപ്പോള്‍, കര്‍ഷക വികസനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്,” പ്രധാനമന്ത്രി പറഞ്ഞു.

“കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു. ഒരു ലക്ഷം കോടി കര്‍ഷകര്‍ക്ക് നല്‍കി. കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യ കൈമാറ്റവും ഉണ്ടായിട്ടുണ്ട്. ഗ്രാമീണ വിപണിയുടെ അടിസ്ഥാനം ശക്തിപ്പെടുത്തുകയും, താങ്ങുവില ഉയര്‍ത്തുകയും ചെയ്തു. മൈക്രോ ഇറിഗേഷന്‍ ഫണ്ടും, വിള വായ്പയും ഇരട്ടിയാക്കി. കര്‍ഷകര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ വാര്‍ഷിക ബജറ്റുകളും ഉയര്‍ത്തി,” മോദി കൂട്ടിച്ചേര്‍ത്തു.

“കര്‍ഷകരെ സേവിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അവരുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ചെറുകിട കര്‍ഷകരെ സഹായിക്കാനായി കാര്‍ഷിക നിയമം കൊണ്ടുവന്നു. കര്‍ഷകരുടെ, പ്രത്യേകിച്ച് ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരെ പൂര്‍ണ്ണമായും സേവിക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ മൂന്ന് നിയമങ്ങളെക്കുറിച്ചും കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അവരില്‍ ഒരു വിഭാഗം മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. പക്ഷേ അവരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നിയമത്തെക്കുറിച്ച് കര്‍ഷകരോട് വിശദീകരിക്കാന്‍ സർക്കാർ പരമാവധി ശ്രമിച്ചു. നിയമങ്ങള്‍ പരിഷ്‌കരിക്കാനും സസ്‌പെന്‍ഡ് ചെയ്യാനും പോലും ഞങ്ങള്‍ തയ്യാറായിരുന്നു. വിഷയം സുപ്രീം കോടതിയിലും എത്തി. എന്നാൽ കാര്യങ്ങൾ കര്‍ഷകരോട് വിശദീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയാണ്,” ചരിത്ര പ്രധാനമായ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതിന് മുന്നോടിയായാണ് ബി.ജെ.പി സർക്കാരിന്റെ ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കോവിഡ് പ്രതിസന്ധിക്കിടെ ഉയര്‍ന്ന കര്‍ഷക രോഷവും പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പും കണക്കിലെടുക്കാതെയാണ് മൂന്ന് വിവാദ ബില്ലുകള്‍ കേന്ദ്രം പാസാക്കിയത്. കാര്‍ഷികോല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍, അവശ്യവസ്തു നിയമ ഭേദഗതി ബില്‍ എന്നിവ ലോക്‌സഭ 2020 സെപ്തംബര്‍ 17നും, രാജ്യസഭ 20 നും പാസാക്കി. 26ന് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ കാര്‍ഷിക മേഖലയില്‍ സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റത്തിന് വഴിയൊരുക്കുന്നെന്ന് ആരോപിച്ച് രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. കാര്‍ഷിക ചന്തകള്‍ എന്നറിയപ്പെടുന്ന മണ്ഡികള്‍ അപ്രസക്തമാവുകയും, താങ്ങുവില കിട്ടാതെ പോകുമെന്ന് കര്‍ഷകര്‍ക്ക് ആശങ്കപ്പെട്ടു. താങ്ങുവില നിയമം മൂലം കൊണ്ടുവരണമെന്ന കര്‍ഷക ആവശ്യം സർക്കാർ മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

2020 ഒക്ടോബര്‍ 14 നും 2021 ജനുവരി 22 നും ഇടയില്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ പതിനൊന്ന് തവണ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഫലം ഒന്നും ഉണ്ടായില്ല. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കോവിഡ് പ്രതിസന്ധിക്കിടയില്‍ പോലും പതിനായിരക്കണക്കിന് കര്‍ഷക യൂണിയന്‍ അംഗങ്ങള്‍ രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനടുത്തായി കാർഷിക നിയമങ്ങൾക്കതിരെ സമരം തുടരുകയായിരുന്നു. സമരത്തില്‍ ഇതുവരെ ഏകദേശം 750 ഓളം പ്രതിഷേധക്കാര്‍ മരിച്ചതായി കർഷക സംഘടനകൾ അവകാശപ്പെടുന്നു. 2021 ജനുവരിയില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെ സുപ്രീം കോടതി സ്റ്റേയിറക്കിയിരുന്നു.

നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ കര്‍ഷകരോട് സമരം അവസാനിപ്പിച്ച് തിരികെ പോകാന്‍ ആഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും നരേന്ദ്ര മോദി അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ