പൊലീസ് സ്‌റ്റേഷനുകളിലെ സിസിടിവിയുടെ അഭാവം സംബന്ധിച്ചുള്ള പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. കഴിഞ്ഞ ഏഴ്, എട്ട് മാസത്തിനിടെ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ സംഭവിച്ചുവെന്ന ദൈനിക് ഭാസ്കർ പത്രത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണനയ്ക്കെടുത്തത്.
‘ദൈനിക് ഭാസ്കർ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, 2025ൽ കഴിഞ്ഞ 7-8 മാസത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ, ‘പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സിസിടിവികളുടെ അഭാവം’ എന്ന തലക്കെട്ടിൽ ഒരു പൊതുതാൽപ്പര്യ ഹർജി സ്വമേധയാ എടുക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു’ കോടതി ഉത്തരവിൽ പറഞ്ഞു.
2020ൽ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കുന്നത് സുപ്രീംകോടതി നിർബന്ധമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്‌ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് കോടതി ഉത്തരവിട്ടിരുന്നത്.
കൂടാതെ സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോടും നിർദേശിക്കുകയുണ്ടായി. എന്നാൽ ഈ ഉത്തരവ് പലയിടത്തും നടപ്പായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് കോടതി സ്വമേധയാ കേസെടുത്ത് വിഷയത്തിലിടപെട്ടിരിക്കുന്നത്.