ടിവികെ സർക്കാർ അധികാരത്തിൽ വന്നയുടൻ പ്രഖ്യാപിച്ച ‘സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ’ ഉദ്ഘാടനം നിർവഹിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിജയ് പറഞ്ഞു.
സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെയെല്ലാം പിന്നിൽ ലഹരിക്കടത്താണെന്നും ലഹരിയെന്ന വിപത്തിനെ സംസ്‌ഥാനത്തു നിന്നു തുടച്ചു നീക്കുമെന്നും വിജയ് പറഞ്ഞു. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെയും ഭയമില്ലാതെയും ജീവിക്കാവുന്ന അന്തരീക്ഷം സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉടനടി നടപടിയുണ്ടാകുമെന്നും വിജയ് അറിയിച്ചു.
കഠിന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിഗിൽ, മെർസൽ തുടങ്ങി താനഭിനയിച്ച സിനിമകളിലെ ഗാനങ്ങളുടെ അമ്പടിയോടെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സിങ്കപ്പെൺ ലോഗോ വിജയ് ടാസ്ക് ഫോഴ്സ് മേധാവി കെ.ഭവാനീശ്വരിക്കു കൈമാറി പ്രകാശനം ചെയ്തു. സേനയ്ക്കു നൽകിയ പട്രോൾ വാഹനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തുടർന്ന് പട്രോൾ വാഹനം ഓടിച്ചു. 354 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചത്.
അടുത്ത ഘട്ടത്തിൽ ടാസ്ക് ഫോഴ്സിലേക്ക് 2500 പേരെക്കൂടി നിയമിക്കും. മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഇന്നലെ ഉദ്ഘാടനം ചെയ്‌ത സിങ്കപ്പെൺ ടാസ്ക് ഫോഴ്സിലെ 12 സംഘങ്ങളെ നഗരത്തിൽ വിന്യസിച്ചു. ഫ്ലവർ ബസാർ, വാഷർമാൻപെട്ട്, പുളിയന്തോപ്പ്, അഡയാർ, ടി നഗർ, സെന്റ് തോമസ് മൗണ്ട്, അണ്ണാ നഗർ, കൊളത്തൂർ, കോയമ്പേട്, ട്രിപ്ലിക്കേൻ, മൈലാപ്പൂർ, കിൽപോക് എന്നീ പൊലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സംഘം നിരീക്ഷണം നടത്തുന്നത്. ഓരോ മേഖലയിലെയും സംഘങ്ങളുടെ ഉത്തരവാദിത്തം അസി. കമ്മിഷണർമാർക്കാണ്.