റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് നല്കിയ വിരുന്നിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. തരൂർ പാർട്ടിയോട് ആലോചിച്ചില്ലെന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം വിരുന്നിന് ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു.
താനായിരുന്നെങ്കിൽ നേതാക്കളെ വിളിക്കാത്ത വിരുന്നിന് പോകില്ലായിരുന്നു എന്നും പവൻ ഖേര വിമർശിച്ചു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയേയും, മല്ലികാർജ്ജുൻ ഖർഗെയേയും ക്ഷണിച്ചിരുന്നില്ല. അതേസമയം വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് തന്നെ ക്ഷണിച്ചതെന്ന് ശശി തരൂർ പ്രതികരിച്ചു. വിരുന്നിൽ പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും പങ്കെടുത്തു.
ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മറ്റുള്ളവരെ വിളിക്കാത്തതെന്ന് തനിക്കറിയില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ക്ഷണം ലഭിക്കുകയും പങ്കെടുക്കുകയും ചെയ്യുമെന്ന് ഇന്നലെ തന്നെ ശശി തരൂർ നിലപാട് അറിയിച്ചിരുന്നു.