സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് റിലീസ് ചെയ്യുന്ന 25 ന് കർണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ കത്തിക്കുമെന്നും കർണി സേന ഭീഷണിപ്പെടുത്തി. ജനുവരി 25 ന് സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളുമായാണ് പദ്മാവത് റിലീസിംഗിനൊരുങ്ങുന്നത്.
എന്നാൽ ചിത്രം പ്രദർശിപ്പിച്ചാൽ ജൗഹർ അനുഷ്ഠിക്കുമെന്നും കർണി സേന ഭീഷണി ഉയർത്തിയിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹർ. യുദ്ധത്തിൽ തോൽവി ഉറപ്പാവുന്ന ഘട്ടത്തിൽ സ്ത്രീകൾ വലിയ ചിതകൂട്ടി കൂട്ടമായി ജീവനൊടുക്കുകയും പുരുഷന്മാർ ഒന്നടങ്കം യുദ്ധഭൂമിയിൽ മരണം വരിക്കുകയും ചെയ്യുന്നതാണ് ജൗഹർ.
ചിത്രത്തിന്റെ സംവിധായകൻ ബെൻസാലിക്കും നായിക ദീപിക പദുക്കോണിനും എതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ട്. പദ്മാവതിന് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.