ഇക്കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ചൂട് കുറയ്ക്കാനെന്ന പേരിൽ കോളേജിലെ ക്ലാസ് മുറിയുടെ ചുമരില്‍ പ്രിന്‍സിപ്പൽ ചാണകം തേച്ചത്. പ്രിൻസിപ്പൽ പ്രത്യുഷ് വത്സല ക്ലാസ് മുറിയുടെ ചുവരുകളിൽ ചാണകം പൂശുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചൂടിനെ മറികടക്കാനുളള പരമ്പരാഗതമായ വഴിയെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രിൻസിപ്പലിന്റെ നടപടി. എന്നാൽ ഇപ്പോഴിതാ അതേ പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ചിരിക്കുകയാണ് വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തിലാണ് ചാണകം തേച്ചത്. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയുടെ ചുവരിലാണ് ചാണകം തേച്ചത്.
ക്ലാസ് മുറിയില്‍ ചാണകം തേക്കുന്ന പ്രിൻസിപ്പലിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്. ലക്ഷ്മിബായ് കോളേജിലെ പഴയ സി ബ്ലോക്കിലാണ് പ്രിൻസിപ്പൽ ചാണകം തേച്ചത്. വേനല്‍ കടുത്ത സാഹചര്യത്തില്‍ ചൂട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാണകം തേയ്ക്കുന്നതെന്നായിരുന്നു അധ്യാപികയുടെ വിശദീകരണം. ചാണകം തേച്ചാല്‍ ചൂട് കുറയുമെന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യംകൂടെയുണ്ടെന്നും ഒരാഴ്ച്ചയ്ക്കുശേഷം ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുമെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ക്ലാസ് മുറി ഉടന്‍ തന്നെ പുതിയ രൂപത്തില്‍ കാണാമെന്നും ഇവിടുത്തെ അധ്യാപകാനുഭവങ്ങള്‍ മനോഹരമാക്കാനുളള ശ്രമത്തിലാണ് എന്നായിരുന്നു നടപടിയെക്കുറിച്ച് പ്രിന്‍സിപ്പൽ പറഞ്ഞത്.
ക്ലാസ് മുറിയില്‍ ചാണകം തേയ്ക്കാന്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോണക് ഖത്രി പറഞ്ഞത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിറവേറ്റുകയാണ് ചെയ്യേണ്ടിയിരുന്നത്. ക്ലാസ് മുറികളില്‍ ചൂടിനെ മറികടക്കാന്‍ എയര്‍ കണ്ടീഷനുകള്‍ നല്‍കുന്നതിനുപകരം ചാണകം പുരട്ടുകയാണ് അവര്‍ ചെയ്തത്. തങ്ങൾ ക്ലാസ് മുറിയിലെത്തുമ്പോള്‍ രൂക്ഷമായ ചാണകത്തിന്റെ മണമായിരുന്നുവെന്നും ക്ലാസുകളൊന്നും നടന്നിരുന്നില്ലെന്നും റോണക് ഖത്രി പറഞ്ഞു. കോളേജില്‍ കുടിവെളളമടക്കമുളള അടിസ്ഥാന സൗകര്യങ്ങളില്ലെന്നും അപ്പോഴാണ് പ്രിന്‍സിപ്പാള്‍ ചാണകമുപയോഗിച്ചുളള വലിയ ഗവേഷണത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ആദ്യം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണമെന്നും റോണക് ഖത്രി കൂട്ടിച്ചേർത്തു.