മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ടസമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി. മേല്‍നോട്ടസമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം തുടര്‍ നടപടികളെടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതില്‍ ഇരുസംസ്ഥാനങ്ങള്‍ക്കെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു.
അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചോദിച്ച കോടതി സംസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു. നിര്‍ദ്ദേശങ്ങളില്‍ ഇരുസംസ്ഥാനങ്ങളും തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. അറ്റകുറ്റപ്പണി അടക്കമുള്ള ശിപാര്‍ശകള്‍ എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നും കോടതി ചോദിച്ചു.
വിഷയത്തില്‍ ഇരു സര്‍ക്കാരുകള്‍ക്കും പരാതികളുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മരം മുറിക്കുന്നത് ഉള്‍പ്പെടെയുള്ള അനുമതിക്കായി വീണ്ടും കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണം. തമിഴ്‌നാട് അപേക്ഷ സമര്‍പ്പിച്ചാല്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള നടപടിക്രമങ്ങള്‍ കേരളം വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.