സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തങ്ങള്‍ സംയുക്തമായി ഉയര്‍ത്തിപ്പിടിച്ചത് ഫെഡറല്‍ ആശയങ്ങളുടെ ജീവിക്കുന്ന പ്രകടനമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സിപിഎമ്മുമായുള്ള ബന്ധം ഭദ്രമാണെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് എംകെ സ്റ്റാലിന്റെ പ്രതികരണം.
എക്സിലൂടെയായിരുന്നു സ്റ്റാലിന്‍ വിവരങ്ങള്‍ പങ്കുവച്ചത്. സഖ്യം കരുത്തോടെ മുന്നോട്ട് പോവുകയാണെന്നും സ്റ്റാലിന്‍ കുറിച്ചു. സഖാവ് എംഎ ബേബിയുമായി കൂടിക്കാഴ്ച നടത്തുകയും തമിഴ്നാടിന്റെ നാഴികക്കല്ലായ രണ്ട് കാര്യങ്ങളില്‍ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തുവെന്നും എംകെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ ഓഫീസിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയ സുപ്രീംകോടതി ഇടപെടല്‍, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു എന്നീ കാര്യങ്ങളിലായിരുന്നു അഭിനന്ദനം. ഇതൊന്നും ഒറ്റതിരിഞ്ഞ വിജയങ്ങളല്ലെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ സ്റ്റാലിന്‍ വ്യക്തമാക്കി.
മധുരയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തങ്ങള്‍ സംയുക്തമായി ഉയര്‍ത്തിപ്പിടിച്ചത് ഫെഡറല്‍ ആശയങ്ങളുടെ ജീവിക്കുന്ന പ്രകടനമാണ്. സിപിഎമ്മുമായുള്ള ബന്ധം ഭദ്രമാണ്. സഖ്യം കരുത്തോടെ മുന്നോട്ട് പോകുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.