പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് പിന്നാലെ മഹാകുംഭമേള നടത്തിപ്പിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46-ാമത് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. കുളിക്കുന്ന വെള്ളത്തില്‍ മാലിന്യം കലര്‍ന്നിരുന്നു. എന്നിട്ടും കോടിക്കണക്കിനാളുകളെ അതില്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
ഇത്രയധികം ആളുകള്‍ വരുമെന്നും എന്നാല്‍ അവര്‍ക്കാവശ്യമായ സ്ഥല സൗകര്യങ്ങളില്ലെന്നും മുന്‍കൂട്ടിത്തന്നെ അറിയാമായിരുന്നുവെങ്കില്‍ അതിനായുള്ള പദ്ധതി നേരത്തെ തന്നെ തയ്യാറാക്കാമായിരുന്നില്ലേ. നിങ്ങള്‍ യാതൊരു പദ്ധതിയും തയ്യാറാക്കിയില്ലെന്ന് മാത്രമല്ലെ തെറ്റായ പ്രചാരണം നടത്തുകയാണ് ചെയ്തതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി കുറ്റപ്പെടുത്തി.
സംഘാടകര്‍ ജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്നും ജനക്കൂട്ട നിയന്ത്രണ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി കൂട്ടിച്ചേര്‍ത്തു. 300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇത് തെറ്റായ സംഘാടനം അല്ലാതെ മറ്റെന്താണെന്നും അവിമുക്തേശ്വരാനന്ദ ചോദിച്ചു.
ആളുകള്‍ക്ക് ലഗേജുമായി 25-30 കിലോമീറ്ററോളമാണ് നടക്കേണ്ടി വന്നത്. 144 വര്‍ഷത്തെ സംസാരം തന്നെ നുണയാണ്. ആള്‍ക്കൂട്ട സംഘാടനവും ആതിഥ്യ മര്യാദയും പാലിച്ചില്ല. ആളുകള്‍ മരിച്ചപ്പോള്‍ അത് മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു.