ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. തെലങ്കാനയിലെ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു എന്നാരോപിച്ചാണ് ബിജെപി നേതാവിന്റെ പരാതിയില്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ മീനാക്ഷികയുടെ പത്രിക നിരസിച്ചത്. എന്നാല്‍, ഈ നടപടി ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും തനിക്കെതിരെ ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൗനം പാലിക്കുകയും റിട്ടേണിങ് ഓഫിസര്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനമെടുത്തതെന്ന് ഒതുക്കത്തില്‍ പറയുകയുമാണ്.

നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ചു എന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥി മഹേഷ് കേവത് നല്‍കിയ പരാതിയിലാണ് റിട്ടേണിങ് ഓഫിസര്‍ നടപടിയെടുത്തത്. പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ നടപടിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് ഇന്നലെ രാത്രി തന്നെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളെത്തി. കെ സി വേണുഗോപാല്‍, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ്, ഭൂപേഷ് ബാഗേല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി പ്രധാന കവാടത്തിന് മുന്നില്‍ നിലത്തിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും അട്ടിമറി നടന്നെന്നും നിയമപരമായി നേരിടുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം തിരുത്തിയില്ലെങ്കില്‍ വന്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. ദുര്‍ബല കാരണങ്ങള്‍ പറഞ്ഞ് പത്രിക തള്ളരുതെന്ന വിധിയുണ്ടെന്ന് പാര്‍ട്ടിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട് നിയമ പോരാട്ടത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയുമായി കെ സി വേണുഗോപാല്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി മീനാക്ഷി നടരാജനെതിരെയുള്ളത് ക്രിമിനല്‍ കേസല്ലെന്നും ഒരു സ്വകാര്യ അന്യായമാണെന്നതുമാണ് ബിജെപിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും നീക്കത്തെ നിയമപരമായി നേരിടാന്‍ കോണ്‍ഗ്രസിന് കരുത്ത് പകരുന്നത്. സ്വകാര്യ അന്യായത്തില്‍ മീനാക്ഷി നടരാജന്‍ അക്യൂസ്ഡ് അഥവാ പ്രതിയല്ലെന്നും റെസ്‌പോണ്ടന്റ് അഥവാ എതിര്‍കക്ഷിയാണെന്നതും ശ്രദ്ധേയമാണ്. അതായത് കോടതിയ്ക്ക് മുന്നിലുള്ള പരാതിയില്‍ കോടതിയാണ് വിവരങ്ങള്‍ തേടിയ ശേഷം കേസ് നിലനില്‍ക്കുമോയെന്ന് തീരുമാനിക്കേണ്ടത് പോലും.

കഴിഞ്ഞ സെപ്റ്റംബറിലാണ് മീനാക്ഷിക്കെതിരെ പരാതിയില്‍ എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോയെന്ന് ചദിച്ച് കോടതി നോട്ടിസ് അയച്ചത്. ഈ സംഭവമാണ് തെലങ്കാന കോടതിയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസിന്റെ വിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സ്ഥാനാര്‍ഥി മഹേഷ് കേവത് നല്‍കിയ പരാതിയിയക്ക് പിന്നില്‍. ഇതിലാണ് റിട്ടേണിങ് ഓഫിസര്‍ നടപടിയെടുത്തത്. തെലങ്കാന കോടതിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടിസ് മാത്രമാണ് ലഭിച്ചതെന്നും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റജിസ്റ്റര്‍ ചെയ്ത കേസുകളാണ് പത്രികയില്‍ കാണിക്കേണ്ടതെന്നുമാണ് കോണ്‍ഗ്രസ് ഇതിന് മറുപടി പറയുന്നത്. വ്യാജപരാതി നല്‍കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഇനി കോടതിയ്ക്ക് മുന്നിലെ പരാതിയുടെ വിവരങ്ങളിലേക്ക് പോയാല്‍ വല്ലാത്ത കൗതുകം ഉണര്‍ത്തും ബിജെപി പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രിസൈഡിങ് ഓഫീസറുടെ നടപടിയടക്കം. തെലങ്കാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള മീനാക്ഷി നടരാജനെതിരെ മുന്‍ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് എ ശ്രീലത നല്‍കിയ സ്വകാര്യ പരാതിയാണ് സംഭവങ്ങളുടെ അടിസ്ഥാനം. 2022 ല്‍ ശ്രീലത ആദ്യമായി സമര്‍പ്പിച്ച പരാതി സംസ്ഥാന കോണ്‍ഗ്രസ് നേതാവ് കുംഭം ശിവകുമാര്‍ റെഡ്ഡിയുടെ പെരുമാറ്റത്തെക്കുറിച്ചുള്ളതായിരുന്നു. ചില രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുകയോ തന്റെ ആരോപണങ്ങളെക്കുറിച്ച് അറിയിച്ചിട്ടും നടപടിയെടുക്കുകയോ ചെയ്തില്ലെന്ന് ശ്രീലത പരാതിയില്‍ അവകാശപ്പെട്ടിരുന്നു. ഇവിടെയൊന്നും മീനാക്ഷി നടരാജന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.

പരാതിയില്‍ പാര്‍ട്ടി ഭാരവാഹികളുടെ പീഡനം, ലൈംഗിക ഉപദ്രവം, ഭീഷണി, നിഷ്‌ക്രിയത്വം എന്നീ ആരോപണങ്ങളാണ് ശ്രീലത ഉന്നയിച്ചത്. പ്രതിയായ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെ ശ്രീലത 2022 ല്‍ ഹൈദരാബാദ് പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവം മൂലം കേസ് അവസാനിപ്പിച്ചതായി ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ഉന്നത പൊലീസ് വൃത്തങ്ങള്‍ ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദിലും ബെംഗളൂരുവിലുമായി അവര്‍ പിന്നീട് നല്‍കിയ സ്വകാര്യ പരാതികളും തീര്‍പ്പാക്കിയതായാണ് വിവരം.

ഇതിനെല്ലാം ശേഷം 2025-ല്‍ ഹൈദരാബാദിലെ നമ്പള്ളിയിലുള്ള നാലാമത്തെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശ്രീലത ഒരു ഹര്‍ജി ഫയല്‍ ചെയ്തു. അവിടെയാണ് മീനാക്ഷി നടരാജന്റെ പേര് അവര്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയത്. അതായത് 2022ലെ പരാതിയില്‍ ഇല്ലാതിരുന്ന മീനാക്ഷി നടരാജന്‍ 2025സേക്ക് എത്തുമ്പോള്‍ പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടു. പരാതിക്കാരി പറയുന്നത് റെഡ്ഡിയുടെ പീഡന ആരോപണം മീനാക്ഷി നടരാജന്റെ മുമ്പാകെ ഉന്നയിച്ചിരുന്നു. അച്ചടക്ക നടപടിക്കായി കോണ്‍ഗ്രസ് ഭരണഘടനയില്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും, ബന്ധപ്പെട്ട നേതാവിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ശ്രീലത ആരോപിച്ചത്. ഹര്‍ജി സ്വീകരിച്ചുകൊണ്ട് കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു, നടരാജന്‍ കോടതി നോട്ടീസിന് മറുപടി നല്‍കി.

ഇനി ഉയരുന്ന ചോദ്യം അക്യൂസ്ഡ് അഥവാ പ്രതിയാണോ എന്നതാണ്. ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) യുടെ പുതിയ വ്യവസ്ഥകള്‍ പ്രകാരം, പരാതിക്കാരിയുടെ ആക്ഷേപം കോടതി ഇക്കാര്യം അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ മീനാക്ഷി നടരാജനും മറ്റുള്ളവരെയും പ്രതികളല്ല മറിച്ച് എതിര്‍ കക്ഷികള്‍ മാത്രമാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത് കേസ് വാദം കേള്‍ക്കാന്‍ കാത്തിരിക്കുന്ന പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നാണ്.

ക്രിമിനല്‍ കേസുകളില്‍ പരാതിക്കാരെയും സാക്ഷികളെയും പരിശോധിക്കുന്ന 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) ലെ സെക്ഷന്‍ 223 പ്രകാരം മീനാക്ഷി നടരാജനെ പ്രതിയായിട്ടല്ല പരിഗണിച്ചിട്ടുള്ളത്. പഴയ സിആര്‍പിസിയിലെ സെക്ഷന്‍ 200 ന് പകരമായാണ് ഇത്. കേസ് തുടരുന്നതിന് മുമ്പ് പരാതിക്കാരിയെ മജിസ്‌ട്രേറ്റ് വിശദമായി പരാതി സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. ശ്രീലത ഒരു സ്വകാര്യ ഹര്‍ജി നല്‍കുക മാത്രമാണെന്നും കോടതിയില്‍ നിന്ന് പ്രതികൂല നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും വാദിച്ചുകൊണ്ട് മീനാക്ഷി നടരാജന്റെ അഭിഭാഷകര്‍ അവര്‍ക്കെതിരെ ഒരു ക്രിമിനല്‍ കേസുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ തന്നെ നിയമപരമായി പ്രിസൈഡിംഗ് ഓഫീസറുടെ നടപടി ചോദ്യ ചിഹ്നത്തിലാകുന്നുണ്ട്.

നാമനിര്‍ദ്ദേശം നിരസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ മനടപടിയെ ‘സ്വാഭാവികമായും വ്യക്തമായും നിയമവിരുദ്ധം’ എന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി വിശേഷിപ്പിച്ചു. നടരാജനെതിരെ നിയമത്തിന്റെ കണ്ണില്‍ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്നും അതിനാല്‍ വെളിപ്പെടുത്താന്‍ അവര്‍ക്ക് ഒരു ക്രിമിനല്‍ കേസുമില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

‘ആര്‍ക്കും ആര്‍ക്കെതിരെയും ഫയല്‍ ചെയ്യാന്‍ കഴിയുന്ന ഒരു സ്വകാര്യ പരാതിയില്‍, മജിസ്ട്രേറ്റോ ബന്ധപ്പെട്ട ജഡ്ജിയോ നടപടിയെടുക്കുന്നതുവരെ, ഒരു ക്രിമിനല്‍ കേസും നിലവില്‍ വരില്ല. അപ്പോള്‍ അവര്‍ വെളിപ്പെടുത്തേണ്ട ഒരു ക്രിമിനല്‍ കേസ് നിലവിലുണ്ടോ എന്ന ചോദ്യം എവിടെയാണ്? കോടതിയില്‍ നിന്നുള്ള വെറും ഒരു നോട്ടീസ് വെളിപ്പെടുത്തേണ്ട കാര്യം പോലുമില്ലെന്നും മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് പ്രാഥമിക ഘട്ടത്തിലുള്ള ഒരു സ്വകാര്യ അന്യായത്തില്‍ കോടതി നോട്ടീസയയ്ക്കുന്നതും മറുപടി നല്‍കുന്നതും ഒന്നും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരുന്നതല്ല. കോടതി നടപടിയെടുക്കുകയും പരാതിക്കാരിയെ കേട്ടതിന് ശേഷം പൊലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെടുകയും നടപടിക്ക് ഉത്തരവ് നല്‍കി എതിര്‍കക്ഷികളെ സമ്മണ്‍ ചെയ്യാന്‍ വിളിപ്പിക്കുകയുമെല്ലാം ചെയ്താലാണ് അത് വെളിപ്പെടുത്തേണ്ട ക്രിമിനല്‍ പ്രൊസീജ്യറായി മാറുന്നത്. മീനാക്ഷി നടരാജന്റെ പേര് പരാതിക്കാരി ഒറ്റത്തവണ മാത്രമാണ് 2025ലെ പരാതിയില്‍ പരാമര്‍ശിക്കുന്നതെന്നതും കോടതി ഇതുവരെ മറ്റ് നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ലെന്നതുമെല്ലാം വലിയ ചോദ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ഉയര്‍ത്തുന്നുണ്ട്.

ഇനി മധ്യപ്രദേശിലെ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ മൂന്ന് രാജ്യസഭ സീറ്റാണ് മധ്യപ്രദേശില്‍ ഒഴിവുള്ളത്. ഇതില്‍ രണ്ടെണ്ണം ബിജെപിക്കും ഒരെണ്ണം കോണ്‍ഗ്രസിനും ജയിക്കാമെന്നാണ് കക്ഷിനില. പക്ഷേ മൂന്ന് സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. മധ്യപ്രദേശ് നിയമസഭയില്‍ ആവശ്യമായ അംഗബലം ഇല്ലാതിരുന്നിട്ടും ബിജെപി മൂന്നാമതൊരു രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ക്രോസ് വോട്ടിങ്ങിലൂടെയും രാഷ്ട്രീയ കൂറുമാറ്റത്തിലൂടെയും വിജയം ഉറപ്പിക്കാമെന്നാണ് ഭരണകക്ഷി ആദ്യം കരുതിയിരുന്നതെന്നും, എന്നാല്‍ കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ തന്ത്രം മാറ്റുകയായിരുന്നെന്നും മീനാക്ഷി നടരാജന്‍ ആരോപിച്ചു.

Latest Stories

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്