അസമിൽ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ സ്ഥാപിച്ച തടങ്കൽ പാളയത്തിൽ ഒരു മരണം കൂടി. ഇതോടെ പൗരത്വ വിഷയത്തിൽ രാജ്യത്തെ വിവിധ തടങ്കൽ പാളയങ്ങളിൽ കഴിയുന്ന ആയിരത്തോളം വരുന്ന തടവുകാരിൽ മൂന്ന് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം 29 ആയി.
അസം സോനിസ്പുർ സ്വദേശിയായ ദുലാൽ പൗള്‍ ആണ് കഴിഞ്ഞ ദിവസം ഗുവാഹത്തി മെഡിക്കൽ കോളേജിൽ വച്ച് മരിച്ചതെന്ന് പോലീസ് പറയുന്നു. 2017 ഒക്ടോബർ 11 മുതൽ തടവിൽ കഴിഞ്ഞിരുന്ന ഇയാൾ ദിവസങ്ങൾക്ക് മുൻപ് കുഴഞ്ഞ് വീണ ഇയാള്‍ ദിവസങ്ങളായി ചികിൽസയിലായിരുന്നു ഇക്കഴിഞ്ഞ സെപ്തംബര്‍ 28 നാണ് ദുലാൽ പൗളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് കുടുംബം അവകാശപ്പെടുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അസം നിയമസഭയിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം, ഇതുവരെ മരിച്ചവരിൽ രണ്ടു പേർ മാത്രമാണ് ബംഗ്ലാദേശികളെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെല്ലാം അസമിൽ വിലാസമുള്ളവരായിരുന്നു.
അതേസമയം, അസമിൽ മാത്രം അധനികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ആറ് തടങ്കൽ പാളയങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ജില്ലാ ജയിലുകളായാണ് ഇവ കണക്കാക്കുന്നത്. ഗോൽപാര ജില്ലയിൽ ഏഴാമത്തെ തടങ്കൽ പാളയത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. ഇവിടങ്ങളിലായി ആയിരത്തോളം പേർ പൗരത്വത്തിന്റെ പേരിൽ കഴിയുന്നുണ്ടെന്നും കണക്കുകൾ പറയുന്നു.