ജിഎസ്ടിയിലെ നികുതി പങ്കുവയ്ക്കല്‍ അനുപാതം പുനഃപരിശോധിക്കണം; സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം ഉറപ്പാക്കണം; കേന്ദ്രത്തോട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ജിഎസ്ടിയിലെ കേന്ദ്ര സംസ്ഥാന നികുതി പങ്കുവയ്ക്കല്‍ അനുപാതം പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവില്‍ 50:50 എന്നതാണ് അനുപാതം. ഇത് 40:60 ആയി മാറ്റണമെന്ന് അദേഹം ആവശ്യപ്പെട്ടു. ജിഎസ്ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കണമെന്നു ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി സ. കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

ഐജിഎസ്ടിയില്‍ അനുകൂല തീരുമാനം

ഇ കൊമേഴ്സ് വഴി കച്ചവടം നടക്കുമ്പോള്‍ ഇ കൊമേഴ്സ് ഓപ്പറേറ്റര്‍ ഈടാക്കിയ ജിഎസ്ടിയും വ്യക്തമാക്കി GSTR-8 റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഈ GSTR- 8 റിട്ടേണില്‍ നികുതി എത്രയാണ് എന്നതിലുപരിയായി നികുതി ഏതു സംസ്ഥാനത്തേക്കാണ് പോകേണ്ടത് എന്ന വിവരം കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായതായും ധനമന്ത്രി അറിയിച്ചു. കേളത്തിന് വലിയ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ണായക തീരുമാനമാണിത്.

അന്യസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുകളും സേവനങ്ങളും അമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പോലുള്ള ഈ കൊമേഴ്‌സ് സ്ഥാപനങ്ങളില്‍കൂടി കേരളത്തില്‍ വില്‍ക്കുന്നവര്‍ ഇവിടുത്തെ ഉപഭോക്താക്കളില്‍നിന്ന് ഐജിഎസ്ടി ഈടാക്കുന്നുണ്ട്. എന്നാല്‍, അവര്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളില്‍ ഉപഭോഗ സംസ്ഥാനം ഏതെന്നത് വ്യക്തമാക്കാത്തതുമൂലം കേരളത്തിന് നികുതി വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാന്‍ പുതിയ തീരുമാനം സഹായകമാകും

ഇ കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഫയല്‍ ചെയ്യുന്ന ജിഎസ്ടിആര്‍- 8 റിട്ടേണുകളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ഇത് പരിഹരിക്കാനാകുമെന്ന് കേരളം കൗണ്‍സിലിനെ ബോധ്യപ്പെടുത്തി. കേരളം നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകള്‍ നിരത്തിയാണ് പ്രശ്ന പരിഹാരം തേടിയത്. അത് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

ഒരുലക്ഷത്തിനുമുകളില്‍ പ്രത്യേക റിപ്പോര്‍ട്ടിങ്

അന്തര്‍സംസ്ഥാന ബിസിനസ് ടു കസ്റ്റമര്‍ കച്ചവടത്തിന് ചില പ്രത്യേക നിയന്ത്രണങ്ങള്‍ ജിഎസ്ടി റിട്ടേണില്‍ നിലവില്‍ ഉണ്ട്. പൊതുവേ ബിസിനസ് ടു കസ്റ്റമര്‍ ഇടപാടുകളുടെ ഓരോ മാസത്തെയും ആകെ തുക റിട്ടേണില്‍ കാണിച്ചാല്‍ മതിയെങ്കിലും രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള അന്തര്‍ സംസ്ഥാന ബിസിനസ് ടു കസ്റ്റമര്‍ ഇടപാടുകള്‍ക്ക് ഓരോ ഇടപാടും പ്രത്യേകമായി കാണിക്കേണ്ട രീതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഈ പരിധി താഴ്ത്തി. ഇനിമുതല്‍ ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ ബിസിനസ് ടു കസ്റ്റമര്‍ അന്തര്‍ സംസ്ഥാന ഇടപാടുകളും റിട്ടേണുകളില്‍ പ്രത്യേകമായി കാണിക്കണം എന്ന മാറ്റം വരുത്തി. ഈ പരിധി 50,000 രൂപയായി കുറയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. അടുത്ത ഘട്ടത്തില്‍ ഇത് പരിഗണിക്കാമെന്ന ധാരണയുമുണ്ടായി.

കേരളത്തില്‍നിന്ന് ലഭിക്കുന്ന എസ്ജിഎസ്ടി(സ്റ്റേറ്റ് ജിഎസ്ടി) ക്യാഷ് വിഹിതത്തിന്റെ വളര്‍ച്ചാനിരക്ക് ശരാശരി പത്തുശതമാനംവരെയാണ്. എന്നാല്‍, ഐജിഎസ്ടി സെറ്റില്‍മെന്റിന്റെ കാര്യം വരുമ്പോള്‍ ഈ വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനമായി കുറയുന്നു. ജിഎസ്ടി സംവിധാനത്തിന്റെ പ്രശ്നമാണ് ഐജിഎസ്ടിയില്‍ കേരളത്തിന്റെ വിഹിതം കുറയാന്‍ കാരണമെന്ന് കേരളം ഉന്നയിച്ചു. ഐജിഎസ്ടിയിലെ കേന്ദ്ര വരുമാനത്തിലും കുറവു വരുന്നുവെന്ന് കേന്ദ്ര സര്‍ക്കാരും യോഗത്തില്‍ അറിയിച്ചു. ഇതിനുകാരണം ഐജിഎസ്ടി സംവിധാനത്തിലെ പോരായ്മയാണോ എന്നത് പരിശോധിക്കാന്‍ തീരുമാനിച്ചു.

2017 ജൂലൈ ഒന്നുമുതല്‍ ഇതുവരെയുള്ള മുഴുവന്‍ കണക്കുകളും കൃത്യമായി പരിശോധിക്കാനും, വേണ്ട പരിഹാരം നിര്‍ദേശിക്കാനും ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കര്‍ശന നിര്‍ദേശം നല്‍കി. പത്തു ദിവസത്തിനകം സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രശ്നം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. സംവിധാനത്തിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ചാലേ വരുമാന നഷ്ടം ഇല്ലാതാക്കാനാകൂ.

വ്യാപരികള്‍ക്ക് ആശ്വാസം

ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വിഷയത്തില്‍ റിട്ടേണുകള്‍ കൃത്യമായ സമയത്ത് നല്‍കാത്തതുമൂലം നോട്ടീസ് ലഭിച്ച വ്യാപാരികള്‍ക്ക് കൃത്യമായ കണക്ക് ലഭ്യമാക്കാന്‍ ഒരു അവസരംകൂടി നല്‍കാന്‍ തീരുമാനിച്ചു. 2021 വരെയുള്ള റിട്ടേണുകളില്‍ ഇന്‍പുട്ട് ക്രഡിറ്റുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ച വ്യാപാരികള്‍ക്കാണ് ഈ സൗകര്യം ഒരുങ്ങുക. മനപൂര്‍വമായ നികുതി വെട്ടിപ്പ് ഇല്ലാത്ത നോട്ടീസുകള്‍ക്ക് പലിശയും പിഴയും കൂടാതെ നികുതി ബാധ്യത തീര്‍ക്കുന്നതിനും, അനാവശ്യമായ കുറേ നിയമ നടപടികള്‍ ഒഴിവാക്കുന്നതിനുള്ള തീരുമാനവും കൗണ്‍സിലില്‍ ഉണ്ടായി.

കൊള്ളലാഭം തടയണം

ജിഎസ്ടിയിലെ കൊള്ളലാഭം തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കൊള്ളലാഭ നിയന്ത്രണ സംവിധാനത്തില്‍ 2025 ഏപ്രില്‍ മുതല്‍ പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം പുന:പരിശോധിക്കണം. മുമ്പ് ഒട്ടേറെ ഇനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ 28 -ല്‍നിന്ന് 18 ശതമാനമായി കുറച്ചതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കിട്ടിയില്ലെന്നത് കേരളം ഉദാഹരണ സഹിതം വിവരിച്ചു. നികുതി കുറച്ച 25 ഇനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് വാങ്ങുന്ന വിലയെ താരതമ്യപ്പെടുത്തി കേരളം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ യോഗത്തില്‍ അവതരിപ്പിച്ചത്. ഭാവിയില്‍ ഇത്തരം സാഹചര്യമുണ്ടായാല്‍, പരിശോധിച്ച് ആവശ്യമായ തീരുമാനം എടുക്കാമെന്നും കൗണ്‍സില്‍ ധാരണയായി.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ