രാജ്യത്തെ 11 വര്‍ഷമായുള്ള മോദി ഭരണത്തിനിടെ ഭരണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സാമൂഹ്യമാധ്യമമായ എക്‌സിലൂടെ ആയിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ബിജെപിയും ആര്‍എസ്എസും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വയംഭരണാധികാരത്തെ ആക്രമിച്ച് അവയെ ദുര്‍ബലപ്പെടുത്തിയെന്നും ഖാര്‍ഗെ ആരോപിച്ചു.
കഴിഞ്ഞ 11 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും സാമ്പത്തിക മേഖലക്കും സാമൂഹിക കെട്ടുറപ്പിനും കനത്ത പ്രഹരമേല്‍പ്പിച്ചെന്നും ഖാര്‍ഗെ കുറിച്ചു. ഈ കാലയളവില്‍ പൊതുജനാഭിപ്രായത്തിന് എതിരായി പ്രവര്‍ത്തിക്കുകയും സര്‍ക്കാരുകളെ പിന്‍വാതിലിലൂടെ അട്ടിമറിക്കുകയും ഒരു പാര്‍ട്ടിയുടെ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുകയും ഫെഡറല്‍ സംവിധാനം ദുര്‍ബലമാക്കപ്പെടുകയും ചെയ്തു.
വെറുപ്പിന്റെയും ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നു. ദലിതരെയും ഗോത്രവര്‍ഗക്കാരെയും പിന്നാക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്നത് വര്‍ധിച്ചു. അവര്‍ക്ക് സംവരണവും തുല്യാവകാശങ്ങളും നിഷേധിക്കാനുള്ള ഗൂഢാലോചന തുടര്‍ന്നുകൊണ്ടിരിക്കുന്നു. മണിപ്പൂരിലെ അവസാനിക്കാത്ത അക്രമങ്ങള്‍ ബിജെപിയുടെ ഭരണപരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും ഖാര്‍ഗെ പറഞ്ഞു.