ചിന്നസ്വാമി സ്റ്റേഡിയം അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു കുട്ടി അടക്കം 11 പേരാണ് അപകടത്തിൽ മരിച്ചത്. 47 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തിൽ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 35,000 പേർക്ക് മാത്രം ഇരിക്കാനാകുന്ന സ്റ്റേഡിയത്തിൻറെ പരിസരത്തേക്ക് 3 ലക്ഷം പേരെത്തുമെന്ന് കരുതിയില്ല. വിധാനസൗധയ്ക്ക് സമീപവും ലക്ഷക്കണക്കിന് പേരെത്തിയിരുന്നു, അവിടെ ദുരന്തമുണ്ടായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്ന് ചോദിച്ച സിദ്ധരാമയ്യ, അതിലൊന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും കൂട്ടിച്ചേർത്തു. ഇത് സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയല്ല, അവിടെയല്ല ദുരന്തമുണ്ടായത്. ബെംഗളൂരു നഗരത്തിൽ ആ സമയത്തുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഈ ഭാഗത്ത് വിന്യസിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
അതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്. പൊലീസ് പരിപാടിക്ക് അനുമതി നൽകുന്നതിന് മുൻപേ വിക്ടറി പരേഡിനെ കുറിച്ച് ആർസിബി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സർക്കാരിന്റെ അനാസ്ഥയെണിതെന്നാണ് ബിജെപിയുടെ ആരോപണം.