രാഹുൽ ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമർശത്തിൽ തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി. യഥാർത്ഥ ഇന്ത്യക്കാരൻ ആരെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ട. കോടതി പരാമർശത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നു. സർക്കാരിനെ ചോദ്യം ചെയ്യുകയെന്നതാണ് പ്രതിപക്ഷ നേതാവിൻറെ കടമ. സൈന്യത്തെ രാഹുൽ ഗാന്ധി അപമാനിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
2022 ഡിസംബറിൽ ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് മാനനഷ്ടക്കേസിന് അടിസ്ഥാനം. ഇന്ത്യയുടെ ഭൂപ്രദേശം ചൈന കയ്യേറിയെന്ന ആരോപണത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചത്. ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന കൈയടക്കി. ഇന്ത്യൻ സൈനികരെ മർദ്ദിച്ചു. 20 സൈനികരെ വധിച്ചു. പ്രധാനമന്ത്രി ചൈനക്ക് മുന്നിൽ കീഴടങ്ങി എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവ ലഖ്നൗ കോടതിയിൽ നൽകിയ കേസിലെ നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെയാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച കോടതി രാഹുലിനെ നിർത്തിപ്പൊരിച്ചു. 2000 ചതുരശ്ര കിലോമീറ്റർ കൈയടിക്കിയെന്ന വിവരം നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി? ആ സമയം നിങ്ങൾ അവിടെയുണ്ടായിരുന്നോ? വിശ്വസനീയമായ വിവരം കിട്ടാതെ എങ്ങനെ ഇത്തരം പ്രസ്താവനകൾ നടത്തും. യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാനാവില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി.
പൊതുതാൽപര്യം മുൻ നിർത്തിയാണ് സംസാരിച്ചതെന്ന് രാഹുലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു. ഇരുപത് സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അങ്ങനെ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് സിംഗ്വി ചോദിച്ചു. സംഘർഷം ഉണ്ടാകുമ്പോൾ ഇരുഭാഗത്തും നഷ്ടങ്ങളുണ്ടാകില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഇക്കാര്യങ്ങളൊന്നും രാഹുൽ ഗാന്ധി പാർലമെൻറിൽ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സുപ്രീംകോടതി വിമർശനം ബിജെപി ആയുധമാക്കിയിരുന്നു. പിന്നാലെയാണ് പ്രിയങ്ക രംഗത്തെത്തിയത്.