മരണം വരെ നിരാഹാര സമരം; മമത സർക്കാരിനെതിരെ ജീവൻ- മരണ പോരാട്ടത്തിൽ ആറ് ഡോക്ടർമാർ

മമത സര്‍ക്കാരിനെതിരെ നിരാഹര സമരം ആരംഭിച്ച് കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍. ആറ് ജൂനിയർ ഡോക്ടര്‍മാരാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ നിരാഹാര സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നത് വരെ നിരാഹാരമെന്ന നിലപാടിലാണ് ഡോക്ടർമാർ.

കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരായ സ്‌നിഗ്ധ ഹസ്ര, തനയ പഞ്ജ, അനുസ്തുപ് മുഖോപാധ്യായ, എസ്എസ്‌കെഎമ്മിന്റെ അര്‍ണാബ് മുഖോപാധ്യായ, എന്‍ആര്‍എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുലസ്ത ആചാര്യ, കെപിസി മെഡിക്കല്‍ കോളേജിലെ സയന്തനി ഘോഷ് ഹസ്ര എന്നിവരാണ് നിലവില്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് മരണം വരെ നിരാഹാരം ആരംഭിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുന്നതുവരെ സമരം തുടരും. സമരത്തിന്റെ സുതാര്യത പൊതുസമൂഹത്തെ ബോധിപ്പിക്കാന്‍ നിരാഹാര വേദിയില്‍ സിസിടിവി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെന്നും സമരക്കാര്‍ പ്രതികരിച്ചു.

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒമ്പത് ആവശ്യങ്ങളാണ് സമരക്കാര്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യ സെക്രട്ടറി എന്‍എസ് നിഗമിനെ നീക്കണം, സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍-കോള്‍ റൂമുകള്‍, തുടങ്ങിയ അവശ്യ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക ജോലിസ്ഥലത്ത് ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ആവശ്യങ്ങള്‍.

ഓഗസ്റ്റ് 9 ന് കൊല്‍ക്കത്തയിലെ ആര്‍ജി കൗര്‍ മെഡിക്കല്‍ കോളേജില്‍ 31 കാരിയായ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. 42 ദിവസം പിന്നിട്ട സമരം പിന്നീട് മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭാഗികമായി പിന്‍വലിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ സമരം പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ നിരാഹാരമിരിക്കുന്ന ആറ് പേർക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബംഗാള്‍ സര്‍ക്കാരിനായിരിക്കും എന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.

പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നും സമരക്കാര്‍ ആരോപിച്ചു. നിരാഹാര സമരത്തിനായി വേദി ഒരുക്കുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചതായും സമാധാനപരമായി സമരം ചെയ്യുന്നവരെ തടയാന്‍ ലാത്തി പ്രയോഗിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. അതേസമയം സമരം മേഖലയില്‍ കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ