അടുത്തിടെ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ തൂക്കിലേറ്റിയേക്കാമെന്ന് ഉദ്ധവ് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. റാണയെ തിരിച്ചെത്തിക്കുന്നതിനായി 16 വര്‍ഷമായി നിയമപോരാട്ടം നടക്കുന്നു. അത് തുടങ്ങിവെച്ചത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അതുകൊണ്ട് റാണയെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ആര്‍ക്കും എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യത്തുനിന്ന് ഇന്ത്യയിലെത്തിക്കുന്ന ആദ്യത്തെ കുറ്റവാളിയല്ല റാണ. 1993-ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി അബു സലീമിനെയും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും ഉടന്‍ തന്നെ ഇത്തരം രീതികളില്‍ തിരികെ കൊണ്ടുവരണമെന്നും സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു.
അതേസമയം, 1997ലെ ഇന്ത്യ – യുഎസ് കൈമാറ്റ ഉടമ്പടി പ്രകാരം വധശിക്ഷവരെ വിധിക്കുന്നതിന് തടസ്സമില്ല. അതേസമയം, വിചാരണയോ ശിക്ഷയോ ആയി ബന്ധപ്പെട്ട് യുഎസ് കോടതിയുടെ കൈമാറ്റ ഉത്തരവില്‍ പ്രത്യേകിച്ചെന്തെങ്കിലും വ്യവസ്ഥകള്‍ പറഞ്ഞിട്ടുണ്ടോയെന്നത് നിര്‍ണായകമാകും.
പ്രതിയെ കൈമാറണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്ത് വധശിക്ഷയ്ക്ക് വ്യവസ്ഥയുണ്ടാവുകയും നല്‍കുന്ന രാജ്യത്ത് അതില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇക്കാര്യത്തില്‍ ഇനി തര്‍ക്കമുണ്ടാവുക.