മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭന് കാമ്പസ് വിട്ടുപോകരുതെന്ന് നിർദേശം. ഇതിനുപിന്നാലെ ഐ.ഐ.ടി കാമ്പസിൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.കേസിൽ ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
അതേസമയം ഫാത്തിമയുടെ മരണശേഷം ഐഐടിയിലെ അധ്യാപകർ തെളിവ് നശിപ്പിച്ചെന്ന് പിതാവ് ലത്തീഫ് ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് ഡിജിപിക്ക് കത്ത് നൽകി. ആത്മഹത്യാക്കുറിപ്പ് എഫ് ഐ ആറിൽ ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.
അതീവഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് അധ്യാപകൻ സുദർശൻ പത്മനാഭൻ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്ഐആറിൽ ഉൾപ്പെടുത്തിയില്ല. മരണശേഷം അധ്യാപകർ തെളിവുകൾ നശിപ്പിച്ചെന്നും പിതാവ് ലത്തീഫ് ആരോപിച്ചു.മകളുടെ മൊബൈൽ ഫോണിലെ സ്ക്രീൻഷോട്ടിൽ തൻറെ മരണത്തിന് കാരണക്കാരൻ പ്രഫ. സുദർശൻ പത്മനാഭനാണെന്ന് കൃത്യമായി രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് അബ്ദുൽ ലത്തീഫ് ആവശ്യപ്പെടുന്നത്.
മൃതദേഹം കൊണ്ടുവരാൻ ഒരു അധ്യാപകരിൽ നിന്നും സഹായം ലഭിച്ചില്ലെന്നും ലത്തീഫ് വ്യക്തമാക്കി.
ഫാത്തിമയുടെ മരണം അറിഞ്ഞയുടൻ പൊലീസിനെ വിവരം അറിയിച്ചിരുന്നതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മദ്രാസ് െഎ.െഎ.ടി അധികൃതർ വാർത്തക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. െഎ.െഎ.ടിയിലെ അധ്യാപകരെയും വിദ്യാർഥികളെയും സംബന്ധിച്ച് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.