തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് ഇപിഎസും എ ഐ എ ഡി എം കെയും. പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് ഇ പി എസ് എക്സിലൂടെ വ്യക്തമാക്കി. അധികാരത്തിലേറുന്ന പുതിയ സർക്കാരിന് ആശംസകളും എടപ്പാടി പളനിസ്വാമി നേർന്നു.
ഇന്നലെ വൈകുന്നേരം മുതൽ സർക്കാർ രൂപീകരണത്തിനുള്ള തന്ത്രങ്ങൾ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും (ഇ പി എസ്) എ ഐ എ ഡി എം കെയും നീക്കം ഉപേക്ഷിച്ചു. എം എൽ എമാരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയാണ് പിന്മാറ്റം. ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇ പി എസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്.
ഇ പി എസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ടി ടി വി ദിനകരൻ ഉൾപ്പെടെയുള്ളവർ ഇന്നലെ ആവശ്യപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സ്വയം പിൻവാങ്ങാനാണ് എ ഐ എ ഡി എം കെ തീരുമാനിച്ചത്. എ ഐ എ ഡി എം കെയുടെ ഈ പിന്മാറ്റം വിജയ്ക്ക് സർക്കാർ രൂപീകരണം എളുപ്പമാക്കുമെന്നാണ് വ്യക്തമാകുന്നത്. വി സി കെയുടെ പിന്തുണ ഉറപ്പിച്ചെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും നിലവിൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.