രാജ്യത്ത് കോവിഡ് കേസുകൾ അയ്യായിരം കടന്നു.ആകെ കോവിഡ് ആക്ടീവ് കേസുകൾ 5364 ആയി. 498 പേർക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ കേരളത്തിൽ കോവിഡ് ബാധിച്ചത് 192 പേർക്കാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കോവിഡ് കേസുകളിൽ 31 ശതമാനം കേരളത്തിലാണ്.
കേരളത്തിൽ 74 വയസുകാരിയും 79 വയസുകാരനും കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ആശുപത്രികളിൽ ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്.
ആശുപത്രിയിൽ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശമുണ്ട്. ആൻ്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ആർടി-പിസിആർ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം. കോവിഡ് 19 രോഗികൾക്കായി പ്രത്യേക വാർഡ് സ്ഥാപിക്കാനും മാർഗ നിർദേശത്തിൽ പറയുന്നുണ്ട്.