ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം. ഒമ്പത് പേർ മരിച്ചു. വഡോദര ജില്ലയിലെ പാദ്രയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീഴുക ആയിരുന്നു. രാവിലെ തിരക്കേറിയ സമയത്തായിരുന്നു അപകടം. രണ്ട് ട്രക്കുകൾ, ഒരു എസ് യു വി, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവയാണ് നദിയിലേക്ക് വീണത്.
ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തതായും പത്തോളം പേരെ രക്ഷപ്പെടുത്തിയതായും വഡോദര പോലീസ് സൂപ്രണ്ട് രോഹൻ ആനന്ദ് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വഡോദര ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും പോലീസും അഗ്‌നി- രക്ഷാ സേനാ സംഘങ്ങളും ഒപ്പം നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്. മുങ്ങിയ വാഹനങ്ങൾ വീണ്ടെടുക്കാൻ ക്രെയിനുകൾ എത്തിച്ചിട്ടുണ്ട്.
പാലത്തിന്റെ ശോചനീയ അവസ്ഥയും അറ്റകുറ്റപ്പണികളിലെ പ്രശ്‌നങ്ങളുമാണ് സംഭവത്തിന് കാരണമെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പാലം തകർന്ന സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവർക്ക് പ്രധനമന്ത്രി നരേന്ദ്ര രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും.