ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തും. നിയമവിരുദ്ധത തെളിയിക്കപ്പെട്ടാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഫലങ്ങള്‍ സെപ്തംബര്‍ വരെ മാറ്റിവെയ്ക്കാമെന്നും വേണ്ടിവന്നാല്‍ റദ്ദാക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വോട്ടര്‍ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
വോട്ടര്‍ പട്ടികയുടെ പരിശോധനക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടോയെന്നാണ് നോക്കേണ്ടതെന്നും അങ്ങനെയുണ്ടെങ്കില്‍ അത്തരം നടപടിക്ക് തടസം നില്‍ക്കാനാവില്ലെന്ന് പറഞ്ഞ കോടതി പക്ഷേ നിയമവിരുദ്ധതയുണ്ടെങ്കില്‍ ഇടപെടുമെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് എട്ട് കോടി വോട്ടര്‍മാരുടെ വോട്ടവകാശം സംബന്ധിച്ച് വിവാദ പുനപരിശോധന നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ കുറിച്ച് വിധി വരാന്‍ വൈകുമെങ്കിലും സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ പ്രത്യാശ നല്‍കുന്ന ഒന്നാണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ തത്വങ്ങളെയും നിയമപരമായ സാധുതയെയും വെല്ലുവിളിച്ചാണെന്ന് പറഞ്ഞ പ്രതിപക്ഷത്തിന് കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷ നല്‍കുന്നു.
ആധാര്‍ കാര്‍ഡ് പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. ആധാറിനെ പൗരത്വം തെളിയിക്കുന്നതിനുള്ള നിര്‍ണായക രേഖയായി കണക്കിലെടുക്കാനാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും എന്നാല്‍ ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ 1950നുശേഷം ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണെന്നും എന്നാല്‍, ഇപ്പോഴത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ പൗരത്വം നല്‍കാനുള്ള ഏജന്‍സിയാക്കി മാറ്റരുതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. 2003-ലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പോലും ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരുമെന്നും താമസസ്ഥലം മാറ്റിയിട്ടില്ലെങ്കില്‍ പോലും ഇതിലൂടെ വോട്ടവകാശം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിച്ചു. കമ്മീഷന്റെ കണക്കുപ്രകാരം 7.24 കോടിയാളുകളാണ് രേഖകള്‍ സമര്‍പ്പിച്ചത്. അതില്‍ 65 ലക്ഷം പേരെ പട്ടികയില്‍നിന്ന് കാര്യമായ പരിശോധനയോ അന്വേഷണമോ ഇല്ലാതെ ഒഴിവാക്കിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. 65 ലക്ഷം എന്ന കണക്കില്‍ എങ്ങനെയാണ് എത്തിയതെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണോ അതോ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നും കോടതി ചോദിച്ചു.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മരണം മൂലമോ താമസം മാറിയതിനാലോ ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതി രേഖകളിലോ വെബ്സൈറ്റിലോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചു. ‘ബൂത്ത് തലത്തിലുള്ള ഏജന്റുമാര്‍ക്ക് ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു, എന്നാല്‍ മറ്റാര്‍ക്കും അത് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചു.
പൗരത്വം ഇന്ത്യന്‍ സര്‍ക്കാരിന്റെ, പ്രത്യേകിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരപരിധിയിലാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ആധാര്‍ പര്യാപ്തമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. എന്നാല്‍ പക്ഷേ പൗരത്വം തീരുമാനിക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നും പൗരത്വത്തിന്റെ പോലീസുകാരനാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ‘ഐഡന്റിറ്റി ഉറപ്പാക്കിയാല്‍ മതിയെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. അഞ്ച് കോടി ആളുകളുടെ പൗരത്വം സംശയിക്കപ്പെടുന്ന ഒരു സംവിധാനമാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സാധ്യമല്ലെന്നും ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി പറഞ്ഞു.
ഒരു വോട്ടര്‍, ആധാറും റേഷന്‍ കാര്‍ഡും സഹിതം ഫോം സമര്‍പ്പിച്ചാല്‍, അതിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. രേഖകള്‍ ലഭ്യമല്ലാത്തതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കാന്‍ അര്‍ഹതയുള്ളവരെ ആ വിവരം യഥാര്‍ത്ഥത്തില്‍ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ബെഞ്ച് വ്യക്തത തേടി.