രാഹുൽ ഗാന്ധിയെ തടഞ്ഞ് ബിഹാർ പൊലീസ്. കോൺഗ്രസിന്റെ ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയപ്പോഴാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിനെ പൊലീസ് തടഞ്ഞത്. ദർഭംഗയിലെ അംബേദ്കർ ഹോസ്റ്റലിലാണ് ന്യായ് സംവാദ് എന്ന പേരിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. അതേസമയം ഭരണകൂടം തടയാൻ ശ്രമിച്ചിട്ടും രാഹുൽ ഗാന്ധി ദർഭംഗയിലെ വേദിയിലേക്ക് എത്തി.
രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ദലിത് വിദ്യാർഥികളുമായിട്ടുള്ള സംവാദം. വിദ്യാർത്ഥികളുമായി സംവദിക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് രാഹുലിന്റെ വാഹനവ്യൂഹത്തെ തടയുക ആയിരുന്നു. വേദിയിലെത്തിയ രാഹുൽ മുഖ്യമന്ത്രിയോട് “എന്തിനെയാണ് ഭയപ്പെടുന്നത്?” എന്ന് ചോദിക്കുകയും ചെയ്തു.
“നിതീഷ് ജി, മോദി ജി, , റോക്ക് സകോ തോ റോക്ക് ലോ (കഴിയുമെങ്കിൽ എന്നെ തടയൂ) – ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന്റെ കൊടുങ്കാറ്റ് സാമൂഹിക നീതി, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ ഒരു വിപ്ലവം കൊണ്ടുവരും” എന്നും രാഹുൽ എക്‌സിൽ കുറിച്ചു.
രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചതോടെ കോൺഗ്രസ് നേതാക്കളും ജില്ലാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റണ്ടമുണ്ടായി. ഭരണകൂടം ബോധപൂർവമായ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഹോസ്റ്റൽ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാരോപിച്ചാണ് ജില്ലാ ക്ഷേമ ഓഫീസർ അലോക് കുമാർ പരിപാടിക്ക് അനുമതി നിഷേധിച്ചത്.
ഹോസ്റ്റൽ സാഹചര്യങ്ങളിൽ ഇതുപോലുള്ള ഒരു പരിപാടി അനുവദിക്കാൻ കഴിയില്ലെന്നും ബദൽ വേദിയായി ടൗൺ ഹാൾ ഒരുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാന സർക്കാരാണ് പിന്നിൽ പ്രവർത്തിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ജെഡിയു-ബിജെപി സഖ്യത്തിന്റെ പ്രേരണയിലാണ് ജില്ലാ ഭരണകൂടം പ്രവർത്തിച്ചതെന്ന് എഐസിസി ദേശീയ മാധ്യമ കൺവീനർ അഭയ് ദുബെ പറഞ്ഞു.