"കൊറോണയെക്കാൾ കൊടും മാരകമാണ് അർണബും കൂട്ടരും പരത്തുന്ന വൈറസിന്റെ പ്രഹരശേഷി": അഷ്‌റഫ് കടക്കൽ

അഷ്‌റഫ് കടക്കലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

തബ് ലീഗും കൊറോണയും മാധ്യമങ്ങളും

“ലവ് ജിഹാദ്” പോലെ “കൊറോണ ജിഹാദു”മായി ഇന്ത്യയെ തകർക്കാൻ അൽ ഖാഇദയുടെ ഇന്ത്യൻ പതിപ്പായ തബ്‌ലീഗികൾ ഡൽഹി നിസാമുദ്ദീൻ മർക്കസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഢ പദ്ധതിയാണ് ഇപ്പോൾ വെളിച്ചത്തായിരിക്കുന്നത്. അർണബിന്റെ പാത പിന്തുടരുന്ന ഒരു വിഭാഗം ദേശീയ മാധ്യമങ്ങളിൽ വന്ന് കൊണ്ടിരിക്കുന്ന വാർത്തയുടെ ചുരുക്കമിങ്ങനെയാണ്. അങ്ങനെയല്ല ഈ പറഞ്ഞ് കേൾക്കുന്നതെല്ലാം ഇസ്ലാമിനെയും മുസ്ലിംകളെയും ഭീകരവൽക്കരിക്കുന്നതിനുള്ള വ്യാജ നിർമ്മിതികളാണ്, കോവിഡ് ബാധ നിസാമുദ്ദീനിൽ ഉണ്ടായിട്ടില്ല എന്ന പ്രചരണം മറുവശത്ത്. അവിടെ എന്താണ് സംഭവിച്ചത് എന്ന് വസ്തുനിഷ്ടമായി റിപോർട്ട് ചെയ്യാൻ ശ്രമിക്കുന്ന മറ്റൊരു കൂട്ടർ അങ്ങനെ
ഈ പുകമറക്കുള്ളിൽ പലപ്പോഴും നഷ്ടപ്പെടുന്നതായിരിക്കും യാഥാർത്ഥ്യം.
തബ്‌ലീഗ് ജമാഅത്തിനെ സംബന്ധിച്ച് നടന്ന രണ്ട് ശ്രദ്ധേയ പഠനങ്ങളാണ് യോഗീന്ദർ സിക്കന്ദിന്റെയും ബാർബറാ മെറ്റ്കാഫിന്റെതും. യോഗിന്ദർ .JNU ലെ MPhil ന് ശേഷം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഫ്രാൻസിസ് റോബിൻസന്റെ കീഴിലാണ് തബ്‌ലീഗിനെക്കുറിച്ചുള്ള ഗവേഷണം പൂർത്തിയാക്കിയത്. ലണ്ടനിൽ നിന്ന് ഡൽഹിയിലെത്തുമ്പോഴെല്ലാം ഞാനും അയാളോടൊപ്പം മർക്കസിൽ പോകാറുണ്ടായിരുന്നു. ഏത് സമയത്ത് പോയാലും വിവിധ രാജ്യക്കാരും ദേശക്കാരുമായ ആയിരത്തോളം പേരെ അവിടെക്കാണാം. പതിനായിരത്തോളം പേർക്കുള്ള താമസ സൗകര്യം അവിടെയുണ്ട്, പ്രാർഥന, താമസം, ഭക്ഷണം എല്ലാറ്റിനും അവിടെ സംവിധാനമുണ്ട്‌. തബ് ലീഗിന്റെ ഹെഡ്ക്വാർട്ടറാണ് മർക്കസ്. ഒരേ ഭാഷക്കാരെ ഒരുമിച്ചിരുത്തി അവിടെ നടക്കുന്ന ബയാൻ (ആത്മീയ പ്രഭാഷണം) തൽസമയം പരിഭാഷപ്പെടുത്തുന്നുണ്ടാവും. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളോ സാമൂഹ്യാവസ്ഥയോ പ്രതിസന്ധികളോ ഒന്നും അവരുടെ വിഷയമല്ല എല്ലാം ആകാശത്തിന് മേലെയുള്ള കാര്യങ്ങൾ ; വല്ലപ്പോഴും ഭൂമിക്കടിയിലെ ( ഖബർ) കാര്യങ്ങളും കടന്നുവരും. ശേഷിക്കുന്ന സമയത്ത് ഭജനമിരിപ്പ്, ദൈവ പ്രകീർത്തനങ്ങൾ, കൂട്ട പ്രാർഥനകൾ, ആരാധനകളുടെ മഹത്വങ്ങൾ വായിച്ച് കേൾപ്പിക്കൽ അങ്ങനെ….. ഒരു തരം ആചാരപരമായ ആത്മീയ സഞ്ചാരങ്ങളാണ്. അതിൽ ബാബരിയില്ല, പൗരത്വമില്ല, ദാരിദ്ര്യ പ്രശ്ന ങ്ങളില്ല, വിദ്യാഭ്യാസ വിഷയങ്ങളില്ല, സാമൂഹൃ നീതിയോ തൊഴിൽ – വിദ്യാഭ്യാസ സംവരണ പ്രശ്നങ്ങളോയില്ല.സച്ചാർ കമ്മീഷനോ മിശ്ര കമ്മീഷനോ ഇല്ല…. ആഖിറത്തിലെ( പരലോകം)കച്ചവടവും ആഖിറത്തിലെ പരീക്ഷയും മാത്രം.
ആഖിറത്തിലെ കച്ചവടം പറയുമ്പോൾ എന്റെ സ്കൂൾ കാലത്തെ ഒരു സംഭവം കൂടി ഓർമ വരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഗ്രാമത്തിൽ ഇവരുടെ ഒരു സംഘം വീട്ടിനടുത്ത തയ്ക്കാവിൽ(നിസ്കാരപ്പള്ളി)എത്തി. വൈകുന്നേരം പുറത്തിറങ്ങി ആളുകളെ പള്ളിയിലേക്ക് ക്ഷണിക്കുന്ന “ഗഷ്ത്” എന്ന ഒരു രീതിയുണ്ട്. അങ്ങനെ നാട്ടുകാരൻ എന്ന നിലയിൽ എന്നെയും കൂടെക്കൂട്ടി. വഴിയിൽ കാണുന്നവരോടെല്ലാം ഭൂമിയിലെ ജീവിതം നശ്വരമാണെന്നും യഥാർത്ഥമായത് പരലോകത്തിലാണെന്നും അത് കൊണ്ട് പള്ളിയിൽ വരണമെന്നെല്ലാം ഉപദേശിക്കും. ആ പോക്കിൽ മുൻശുണ്ഠി ക്കാരനായ ഒരാളെ ക്കണ്ടു, അയാൾ നാട്ടിൽ മുസ്ലിയാർ എന്നറിയപ്പെടുന്ന ഒരു മലഞ്ചരക്ക് കച്ചവടക്കാരനായിരുന്നു, കുരുമുളക് ഉണക്കുന്ന തിരക്കിലാണദ്ദേഹം, പതിവ് പോലെ അയാളോട് സലാം ചൊല്ലി, സംസാരം തുടങ്ങി നിങ്ങൾക്ക് കച്ചവടമാണല്ലേ?, പക്ഷേ ഇതൊന്നും യഥാർത്ഥ കച്ചവടമല്ല, യഥാർത്ഥ കച്ചവടം ആഖിറത്തിലെ കച്ചവടമാണ് അത് കൊണ്ട് നിങ്ങൾ നമ്മോടൊപ്പം പള്ളിയിൽ വരണം. “മുസ്ലിയാർ” അവരെ ഒന്ന് ചെറഞ്ഞ് നോക്കി, കൂട്ടത്തിൽ എന്നെയും, ആളിന്റെ സ്വഭാവം ശരിക്കറിയാമായിരുന്നത് കൊണ്ട് ഞാൻ പതുക്കെ പിന്നോട്ട് വലിഞ്ഞു ഒരു ചുവട് മുന്നോട്ടാഞ്ഞ് ശബ്ദമുയർത്തി : ഞാനെന്റെ മക്കളെ പോറ്റാനാണ് ഈ കഷ്ടപ്പെടുന്നത്, ആഖിറത്തിലെ കച്ചോടം ഞാൻ നോക്കിക്കോളാം, ഇനി ഇത്തരം കച്ചോടവുമായി എന്റടുത്ത് വരരുത്……. അവിടെ നിന്ന് തഞ്ചത്തിൽ സ്കൂട്ടായത് കൊണ്ട് ബാക്കി ഭാഗം ഞാൻ കേട്ടില്ല.
പ്രമുഖ എഴുത്ത്കാരനായ സിയാവുദ്ദിൻ സർദാറിന്റെ Desperately Seeking Paradise എന്ന ആത്മകഥയുടെ ഒന്നാമധ്യായം ആരംഭിക്കുന്നത് സമാനമായ ഒരനുഭവം പറഞ്ഞ് കൊണ്ടാണ്, പരീക്ഷക്ക് പഠിച്ച് കൊണ്ടിരുന്ന സർദാറിനോട് യഥാർത്ഥ പരീക്ഷ ആഖിറത്തിലെതാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോകുന്നത് സരസമായി അദ്ദേഹം പറയുന്നുണ്ട്.

ഇനി കാര്യത്തിലേക്ക് വരാം,
മാർച്ച് 11 ന് WHO കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ രോഗം 110 രാജ്യങ്ങളിൽ വ്യാപിച്ചിരുന്നു. അതിന് ഒരാഴ്ച മുമ്പ് മക്കയിൽ ഉംറ നിരോധിച്ചു മാർച്ച് ആദ്യവാരം ഗൾഫ് നാടുകളിൽ പള്ളികളടച്ചു – വാങ്ക് വിളിക്കുമ്പോൾ , വരൂ.. നിസ്കാരത്തിലേക്ക് വരൂ എന്ന ഭാഗം ഒഴിവാക്കി, നിങ്ങളുടെ ഇടങ്ങളിൽ നിസ്കരിക്കൂ – സല്ലൂ ഫീ രിഹാലിക്കും എന്ന ആഹ്വാനങ്ങൾ മുഴങ്ങിത്തുടങ്ങി. ആള് കൂടുന്ന ആരാധനകൾ വേണ്ടെന്ന് ലോക മുസ്ലിം പണ്ഡിത സംഘങ്ങൾ ആഹ്വാനം ചെയ്തു. മാർച്ച് രണ്ടാം വാരം വെള്ളിയാഴ്ച ജുമുഅ പ്രാർഥന ഒഴിവാക്കാനുള്ള തീരുമാനം ആഗോള തലത്തിൽ സ്വീകരിച്ചു തുടങ്ങി. നിസാമുദ്ദീൻ അസ്ഥാനമാക്കിയുള്ള തബ്ലീഗിന്റെ തെക്ക് കിഴക്കേഷ്യൻ സമ്മേളനം മാർച്ച് 1 ന് മലേഷ്യയിൽ അവസാനിച്ച ശേഷം അതിൽ പങ്കെടുത്തവർ ഇന്ത്യയിലെത്തി മാർച്ച് 8, 9,10 തീയതികളിൽ മർക്കസിൽ നടന്ന ആലമി മശൂറയിൽ പങ്കെടുക്കുന്നു. മാർച്ച് 18, 19, 20 ന് അവിടെ വീണ്ടും തമിഴ് നാടിന്റെ പ്രതിനിധി സമ്മേളനം. അപ്പോഴേക്കും ഇന്ത്യയിൽ കോവിഡ് ഒരു ഭീഷണി ആയി മാറിയിരുന്നു.
ആറ്റ് കാൽ പൊങ്കാലയുടെ പിറ്റേന്ന്(അത് വരെ കാത്തിരിക്കേണ്ടി വന്നു ) അഥവാ മാർച്ച് 10 ന് കേരളത്തിൽ മുഖ്യമന്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കൂട്ടം ചേരുന്ന പരിപാടികൾ ഒഴിവാക്കണമെന്നതായിരുന്നു പ്രധാന നിർദ്ദേശം. ഡൽഹി മുഖ്യമന്ത്രി മാർച്ച് 16 ന് ആള് കൂടുന്നത് ഒഴിവാക്കണമെന്നും ആരാധനാലയങ്ങൾ അടച്ചിടണമെന്നുമുള്ള നിർദ്ദേശം പുറപ്പെടുവിച്ചു. പക്ഷേ, അപ്പോഴെല്ലാം യോഗി ആദിത്യനാഥിന്റെ കാർമ്മികത്വത്തിൽ യു.പി യിലും തിരുപ്പതിയടക്കമുള്ള ആത്മീയ കേന്ദ്രങ്ങളിൽ ഉത്സവങ്ങളും ജനക്കൂട്ടവും പതിവു പോലെ നടന്നുവന്നു. മാർച്ച് 22 ലെ ജനത കർഫ്യൂ ദിനത്തിലും പാത്രക്കൊട്ടുമായി ആയിരങ്ങൾ നിരത്തിൽ ആടിത്തിമിർത്തു. മാർച്ച് 23 ന് മധ്യപ്രദേശിൽ അസംബ്ലിയിൽ വിശ്വാസവോട്ട്, അതിന് മുന്നോടിയായി ജയ്പൂരിലും ബംഗ്ലൂരിലും റിസോർട്ട് നാടകങ്ങൾ, മാർച്ച് 24 വരെ പാർലമെന്റ് സമ്മേളനം. അങ്ങനെ എല്ലാരും കളം നിറഞ്ഞാടി. ഒടുവിൽ തബ്‌ലീഗ് കുടുങ്ങി. പക്ഷേ പ്രവാചകനെ മുഴത്തിന് മുഴം പിന്തുടരുന്ന ഇവരുടെ ഭാഗത്ത് നിന്ന് ഇതുണ്ടാവരുതായിരുന്നു. ഒരു നാട്ടിൽ പകർച്ചവ്യാധി ഉണ്ടായാൽ അവിടേക്കോഅവിടെ നിന്ന് പുറത്തേക്കോ സഞ്ചാരം പാടില്ല എന്ന പ്രവാചക കല്പന പിന്തുടരാൻ കൂട്ടാക്കാത്തതിന് ഒരു ന്യായീകരണവുമില്ല. തന്നെയുമല്ല തബ്ലീഗിന്റെ അമീർ മൗലാനാ സഅദ് രോഗ പ്രതിരോധത്തെ നിസാരവൽക്കരിച്ച് അവിടെ നടത്തിയ ബയാൻ ഒരപരാധം തന്നെയല്ലേ ? 2015 ൽ സംഭവിച്ച സംഘടനയിലെ ഭിന്നിപ്പും വിഷയത്തെ വഷളാക്കിയോ?
ബോംബെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഘടിത വിഭാഗത്തെക്കാൾ ഞങ്ങളാണ് ദൃഢവിശ്വാസികൾ എന്ന യഖീൻ പ്രകടിപ്പിക്കാനുള്ള ഒരവസരമായി കണ്ടതുകൊണ്ടാണോ,രോഗം തരുന്നത് അല്ലാഹു ആണെന്നും കൊറോണയെ ഭയക്കേണ്ടതില്ലെന്നും അണികളോട് ഉപദേശിക്കാൻ സഅദ് മൗലാനയെ പ്രേരിപ്പിച്ചത് ? പ്രത്യേകിച്ചും ബോംബ ഗ്രൂപ്പ് അവരുടെ ബയാനും പ്രവർത്തനങ്ങളുമെല്ലാം സർക്കാർ നിർദ്ദേശം അനുസരിച്ച് നിർത്തി വെച്ച പശ്ചാത്തലത്തിൽ ഞങ്ങളിതാ ഫീ സബീലില്ല – (ദൈവമാർഗത്തിൽ)യിൽ മുന്നോട്ട് തന്നെ പോകുന്നുവെന്ന് അണികളെ ആവേശം കൊള്ളിക്കാൻ ഇത് ഒരവസരമായിക്കണ്ടോ ?
വിദേശ രാജ്യങ്ങളിൽ സ്വാധീനം കൂടുതലുള്ളത് ബോംബ ഗ്രൂപ്പിനാണ്, ഞങ്ങൾക്കും വിദേശത്ത് ഭേദപ്പെട്ട സ്വാധീനമുണ്ട് എന്ന് ബോധ്യപ്പെടുത്താനായിരുന്നോ മലേഷ്യയിൽ നിന്നും വിദേശികളെ ഇങ്ങോട്ടാനയിച്ചത് ?
മത ഭേദങ്ങളില്ലാതെ സഞ്ചരിച്ചെത്തിയ കൊറോണ വൈറസിനെ ഇസ്ലാമാക്കിയതിന്റെ പാപഭാരം കൂടി ഏറ്റുവാങ്ങാനായി ഈ പാവം ഖൗമിന്റെ ജീവിതം ഇനിയും ബാക്കി എന്നല്ലാതെ എന്ത് പറയാൻ! മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണയെക്കാൾ കൊടും മാരകമാണ് അർണബും കൂട്ടരും പരത്തുന്ന വൈറസിന്റെ പ്രഹരശേഷി. ന്തായാലും പടച്ചോൻ കാക്കട്ടെ.

https://www.facebook.com/ashraf.kadakkal/posts/10215894267060646

Latest Stories

ഐപിഎല്‍ 2024: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലും കോലാഹലങ്ങളും, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

IPL 2024: 'അത് വളരെ വ്യക്തമായിരുന്നു'; സഞ്ജുവിന്റെ വിവാദ പുറത്താക്കലില്‍ നവജ്യോത് സിംഗ് സിദ്ധു

അവധിക്കാലത്ത് അവഗണന: കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി എഎ റഹിം എംപി

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി