ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്
സ്വജനപക്ഷപാതമാണെന്ന് അമിത്ഷാ പറഞ്ഞു. സോണിയയ്ക്ക് മകനെ പ്രധാനമന്ത്രിയാക്കാനും സ്റ്റാലിന് മകനെ മുഖ്യമന്ത്രിയാക്കാനുമാണ് ആഗ്രഹമെന്ന് അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് സ്റ്റാലിന്റെ ഏകലക്ഷ്യം. സോണിയാ ഗാന്ധിക്കും ഒരേയൊരു ലക്ഷ്യം മാത്രമാണുള്ളത്, അത് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ്.
എന്നാല്‍ ഇരുവരുടെയും ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് അമിത്ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമാകില്ല. ഉദയനിധി മുഖ്യമന്ത്രിയുമാകില്ല. രണ്ടിടത്തും എന്‍ഡിഎയുടെ വിജയം സുനിശ്ചിതമാണ്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെയാണ് ഡിഎംകെ നയിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.