ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്നും കമ്മീഷൻ പറഞ്ഞു.
2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും കമ്മീഷൻ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വീണ്ടും വിമർശനമുന്നയിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് കൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി താൻ തെളിവ് കാണിക്കാമെന്നും പറഞ്ഞു. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന 6018 വോട്ടുകള്‍ പട്ടികയില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിവിധ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് പട്ടികയില്‍ നിന്ന് പേര് നീക്കാനുള്ള അപേക്ഷ നല്‍കിയത്. സൂര്യകാന്ത് എന്നയാളുടെ പേരില്‍ മാത്രം ഇങ്ങനെ 12 വോട്ടുകള്‍ നീക്കി. 14 മിനിറ്റിനുള്ളിലാണ് വോട്ടേഴ്‌സിനെ നീക്കം ചെയ്തത്. 36 സെക്കന്റിനുള്ളില്‍ രണ്ട് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഗ്യാനേഷ് കുമാർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. ഗ്യാനേഷ് കുമാർ എന്ത് നടപടി സ്വീകരിക്കും. മഹാരാഷ്‌ട്രയിലെ രജൗര മണ്ഡലത്തിലും സമാനമായ രീതിയിൽ വോട്ടുകൾ ഒഴിവാക്കി. ഒരാഴ്ചക്കുള്ളിൽ ഗ്യാനേഷ് കുമാർ വിവരങ്ങൾ കർണ്ണാടക സിഐഡിക്ക് കൈമാറണം. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്ന പണി നിർത്തണം. അലന്തിൽ 6018 വോട്ടുകൾ ഒഴിവാക്കിയ വിവരമാണ് കിട്ടിയത്. ഒരുപക്ഷേ കൂടുതൽ ഉണ്ടാകാം. ഗോദാബായിയുടെ വിവരങ്ങൾ ഉപയോഗിച്ച് 12 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും പല മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് കൃത്യം നടത്തുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.