'അഗ്നിപഥ് നിർത്തലാക്കണം, കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണ്'; വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ മാതാവ്, രാഹുലുമായി കൂടിക്കാഴ്ച

പ്രതിരോധ സേനകളിലെ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കണമെന്ന് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാവ്. കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കണമെന്ന് കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണെന്ന് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാവ് മഞ്ജു സിങ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി റായ്ബറേലിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മഞ്ജു സിങ്ങിന്റെ അഭ്യർഥന.

ഇന്ത്യൻ ആർമിയിലേക്ക് താൽക്കാലികമായി സൈനികരെ നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. ‘4 വർഷത്തെ ഹ്രസ്വകാല അഗ്നിപഥ് പദ്ധതി ശരിയല്ല. മറ്റു സൈനികരെ പോലെ അഗ്നിവീറുകൾക്കും പെൻഷനും കന്റീനുമടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കണം. ഇതിനു വേണ്ടി പോരാടാമെന്ന് രാഹുൽ ഉറപ്പു നൽകിയിട്ടുണ്ട്’ – മഞ്ജു സിങ് പറഞ്ഞു. അഗ്നിപഥ് റദ്ദാക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തിനെതിരെ പോരാട്ടം നയിക്കുന്ന വേളയിലാണ് അൻഷുമാന്റെ അമ്മയെ രാഹുൽ കണ്ടത്.

ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര രാഷ്ട്രപതി ദ്രൗപതി മുർമു ജൂലൈ അഞ്ചിന് സമ്മാനിച്ചിരുന്നു. അൻഷുമാൻ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ്ങും മഞ്ജു സിങ്ങുമാണ് ചൊവ്വാഴ്ച രാഹുൽ ഗാന്ധിയെ സന്ദർശിച്ചത്. അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര സമ്മാനിക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയും പ​ങ്കെടുത്തിരുന്നു. അഗ്നിവീർ പദ്ധതിക്കെതിരെ ലോക്സഭയിൽ രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു.

മഞ്ജു സിങ് രാഹുലിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചയുണ്ടായത്. സൈന്യത്തെക്കുറിച്ചും അഗ്നിപഥ് പദ്ധതിയെക്കുറിച്ചുമായിരുന്നു രാഹുലുമായി കാര്യമായും ചർച്ച നടത്തിയതെന്ന് മഞ്ജു സിങ് പറഞ്ഞു. ‘അദ്ദേഹം പറയുന്നത് ശരിയാണ്. രണ്ട് തരത്തിലുള്ള സൈനികർ ഉണ്ടാകാൻ പാടില്ല. അദ്ദേഹം പറഞ്ഞത് സർക്കാർ കേൾക്കണം’ -അവർ കൂട്ടിച്ചേർത്തു. തനിക്കു പറയാനുള്ളതെല്ലാം പാർലമെന്റിൽ പറയുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോടുള്ള രാഹുലിന്റെ പ്രതികരണം.

2023 ജൂലൈയിൽ സിയാച്ചിനിലുണ്ടായ തീപിടിത്തത്തിലാണ് അൻഷുമാൻ സിങ് വിരമൃത്യു വരിക്കുന്നത്. പഞ്ചാബ് റെജിമെന്റിലെ 26ാം ബറ്റാലിയൻ മെഡിക്കൽ വിഭാഗത്തിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. സ്ഫോടക വസ്തുക്കൾക്ക് സമീപം തീപിടിത്തം ഉണ്ടായതോടെ ആരോഗ്യ കേന്ദ്രത്തിലെ മരുന്നുകൾ നീക്കുന്നതിനിടെ ​​പൊള്ള​ലേൽക്കുകയായിരുന്നു. ഇവിടെ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷിച്ച ശേഷമാണ് മരുന്നുകൾ മാറ്റാൻ ശ്രമിച്ചത്.

പുണെയിലെ ആംഡ് ഫോഴ്സെസ് മെഡിക്കൽ കോളജിൽ നിന്നാണ് അൻഷുമാൻ ബിരുദം നേടിയത്. സിയാച്ചിനിലേത് ആദ്യ പോസ്റ്റിങ്ങായിരുന്നു. മരണത്തിന്റെ രണ്ട് മാസം മുമ്പാണ് അൻഷുമാനും സ്മൃതി സിങ്ങും തമ്മിലെ വിവാഹം നടക്കുന്നത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. കീർത്തിചക്ര സമ്മാനിച്ച ശേഷം ഭർത്താവിനെക്കുറിച്ച് സ്മൃതി ഓർമകൾ പങ്കുവെക്കുന്ന വീഡിയോ ആർമി പുറത്തുവിട്ടിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്