റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയില്‍ എത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റുകളെച്ചൊല്ലി ആംആദ്മി പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടായതോടെയാണ് പൊതുസമ്മതനായ രഘുറാം രാജനെ പാര്‍ട്ടി സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രഘുറാം രാജനെ രാജ്യസഭയില്‍ എത്തിച്ചാല്‍ നോട്ട് നിരോധനത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
രാജ്യസഭാ സീറ്റിനായി ശക്തമായി രംഗത്തുള്ള വിമത നേതാവ് കുമാര്‍ വിശ്വാസിനെ മറ്റു നേതാക്കള്‍ എതിര്‍ക്കുന്നതാണ് എഎപിയിലെ തര്‍ക്കത്തിനു കാരണം. പാര്‍ട്ടിയിലെ ഒരു വിഭാഗം എംഎല്‍എമാരുടെയും നേതാക്കളുടെയും പിന്തുണയുള്ള കുമാര്‍ വിശ്വാസിന് സീറ്റു നിഷേധിച്ചാല്‍ അത് എഎപിയില്‍ നിലവിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ഭയം.
ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം 16ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരു മല്‍സരിക്കണമെന്നതുമായി ബന്ധപ്പെട്ട് എഎപിയില്‍ തര്‍ക്കം രൂപപ്പെട്ടിരുന്നു. എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള എഎപിക്ക് മൂന്നു സീറ്റിലേക്കും സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നിരിക്കെയാണ് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉണ്ടായത്. ജനുവരി അഞ്ചിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.