ഡൽഹി ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥ സാരഥിക്കെതിരെ പീഡനപരാതി നൽകി വിദ്യാർഥിനികൾ. കോളേജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ (ഇഡബ്ല്യുഎസ്) സ്‌കോളർഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന 17 പെൺകുട്ടികളാണ് പരാതി നൽകിയിരുന്നത്.
വിദ്യാർഥിനികളുടെ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾ വിദ്യാർഥികളോട് മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ പോലിസ് 32ഓളം വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി. കോളജിലെ വനിതാ ഫക്കൽറ്റിയും മറ്റു ഉദ്യോഗസ്ഥരും വിദ്യാർഥിനികളെ ഇതിനായി നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. കോളേജ് വാർഡനാണ് ഇവർക്ക് സ്വാമിയെ പരിചയപ്പെടുത്തിരക്കൊടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം പരാതിക്ക് പിന്നാലെ സ്വാമി സ്ഥലം വിട്ടെന്നാണ് സൂചനകൾ. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അന്വേഷണത്തിനിടെ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്തുനിന്ന് സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന ഒരു വോൾവോ കാർ പോലീസ് കണ്ടെത്തി. കാറിന് വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതി നേതൃത്വം നൽകിയിരുന്ന ആശ്രമം ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ ആശ്രമത്തിന്റെ ഒരു ശാഖയാണെന്നാണ് റിപ്പോർട്ടുകൾ. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന്, ആശ്രമ ഭരണകൂടം ഇയാളെ സ്ഥാനത്തുനിന്ന് നീക്കി. സ്ഥലത്തെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.