ആലപ്പുഴ സമ്മേളനത്തിലെ വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശമെന്ന് വെളിപ്പെടുത്തി മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ്. മാതൃഭൂമി വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന് യുവ വനിത നേതാവ് ക്യാപിറ്റൽ പണിഷ്മെന്‍റ് നടത്തണമെന്ന് പറഞ്ഞുവെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.
‘അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദി വിട്ട് പുറത്തേക്കിറങ്ങി, ഏകനായി, ദുഃഖിതനായി. പക്ഷെ തലകുനിക്കാതെ ഒന്നും മിണ്ടാതെ ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല’- സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നു.
‘ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്’ എന്ന തലക്കെട്ടോടെയാണ് മുൻ ഏറ്റുമാനൂർ എംഎൽഎ സുരേഷ് കുറുപ്പിന്റെ ലേഖനം. ‘ ഇങ്ങനെയൊരാൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിട്ടില്ലെന്നും 80 വർഷത്തോളം നിരന്തരമായ, പോരാട്ടത്തിൽ അടിസ്ഥാനമിട്ട രാഷ്ട്രീയ പ്രവർത്തനം നടത്തിയ മറ്റാരും കേരളം രാഷ്ട്രീയത്തിലും ഇല്ലെന്നും സുരേഷ് കുറുപ്പ് മാതൃഭൂമി ലേഖനത്തിൽ പറയുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും തലമുതിർന്ന ആദർശധീരനാണ് വിഎസിന്റെ നിര്യാണത്തോടെ പിൻവാങ്ങിയിരിക്കുന്നത്. കേരളവും മലയാളിയും മലയാളവും ഉള്ളിടത്തോളം കാലം ഇവിടത്തെ സാധാരണക്കാരുടെയും പാവങ്ങളുടെയും ജീവിതവും നിരന്തര പോരാട്ടവും ഉള്ളിടത്തോളം കാലം വിഎസ് മരിക്കുന്നില്ല’ എന്നും സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നു.
മലപ്പുറം സിപിഎം സംസ്ഥാന സമ്മേളനത്തിൽ മത്സരിച്ച് വിഎസിന്റെ പാനൽ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം വിഎസിന്റെ പാർട്ടിയിലെ ഒറ്റപ്പെടൽ ദുസ്സഹമായിരുന്നുവെന്നും സുരേഷ് കുറുപ്പ് കുറിച്ചു. പക്ഷെ വിഎസിന് അതിൽ ഒരു കുലുക്കവുമില്ല. ആര് കൂടെയുണ്ട് ഇല്ല എന്നതൊന്നും വിഎസിന് പ്രശ്നമല്ല. തന്റെ നിലപാടുകളിൽ നിന്ന് അണുവിട പിന്നോട്ടില്ല. തലയുയർത്തി മുണ്ടിന്റെ കോന്തല ഉയർത്തിപ്പിടിച്ച് പുന്നപ്ര-വയലാർ സമര കാലത്തെന്നപോലെ അദ്ദേഹം മുന്നോട്ട് പോയി. തന്റെ നിലപാടിൽ നിന്നും ഒരിഞ്ച് പുറകോട്ട് പോയില്ലെന്നും സുരേഷ് കുറുപ്പ് മാതൃഭൂമിക്ക് നൽകിയ ലേഖനത്തിൽ എടുത്ത് പറയുന്നു.
കടപ്പാട്: മാതൃഭൂമി വാരാന്തപ്പതിപ്പിന് സിപിഎം നേതാവ് സുരേഷ് കുറുപ്പ് നൽകിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ