സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത പറഞ്ഞു. കുഞ്ഞുമുഹമ്മദിന്‍റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറയുന്നു.
‘എന്തിന് പരാതിയുമായി മുന്നോട്ട് പോകണം. കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ച് പരാതിയിൽ നിന്നും പിന്മാറിക്കൂടെ എന്നാണ് ചോദിക്കുന്നത്’- അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ സമ്മർദ്ദം താങ്ങാനാവാത്തതാണ്. തുടക്കം മുതൽ പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് നിലകൊണ്ടെത്. പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകി. പലതവണ പൊലീസിൽ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല എന്നും അതിജീവിത പറയുന്നു.
ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. കേസ് എടുക്കുന്നത് മനഃപൂർവം വൈകിപ്പിച്ചുവെന്നും കേസ് എടുത്തിട്ടും മുൻകൂർ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നും അതിജീവത കുറ്റപ്പെടുത്തി. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.