പത്ത് വർഷത്തിനിപ്പുറം യുഡിഎഫ് കേരളത്തിൽ ഭരണം തിരിച്ച് പിടിച്ചിരിക്കുമ്പോൾ ഇപ്പോൾ ചർച്ചയാകുന്നത് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതാണ്. സോഷ്യൽ മീഡിയയിലും മറ്റും പലയിടത്തും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുമ്പോൾ ട്രോളുകൾ നിറഞ്ഞു തുടങ്ങി. ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന ഒരു ചോദ്യവും ചൂടേറിയ ചർച്ചാവിഷയവുമാണല്ലോ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയും തമ്മിലുള്ള കാലതാമസം. റിസൾട്ട് വന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും കോൺഗ്രസിന് മുഖ്യമന്ത്രി ആയിട്ടില്ല എന്നത് തന്നെയാണ് പ്രധാന ആക്ഷേപം.
എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഏറ്റവും കൂടുതൽ ദിവസമെടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യം ഉയരുമ്പോൾ അത് ആരാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?. 1957 മുതൽ 2021വരെ തിരഞ്ഞെടുപ്പ് ഫലം മുതൽ സത്യപ്രതിജ്ഞ വരയുള്ള കേരളത്തിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. 1957 മുതൽ ഓരോ മുഖ്യമന്ത്രിമാരും അധികാരമേൽക്കാൻ എത്ര ദിവസമെടുത്തെന്ന് നോക്കിയാൽ ചിലപ്പോൾ നിങ്ങളും അമ്പരക്കും.
ചരിത്രത്തിലെ ആ കൗതുകകരമായ കണക്കുകൾ നോക്കിയാൽ
1957-ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ രൂപം കൊണ്ടു. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായപ്പോൾ 16 ദിവസം എടുത്തു മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ. മാർച്ച് 20നായിരുന്നു ഫലപ്രഖ്യാപനം. സത്യപ്രതിജ്ഞ ചെയ്യാൻ ഏപ്രിൽ 5ന്. അതായത് കൃത്യം 16 ദിവസം. പിന്നീട് 1960-ൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായപ്പോൾ അധികാരമേൽക്കാൻ എടുത്തത് 18 ദിവസമാണ്. 1967-ൽ ഇ.എം.എസ് വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ആ സമയം വെറും 5 ദിവസമായി ചുരുങ്ങി. 1970-ൽ സി. അച്യുതമേനോൻ അധികാരമേൽക്കാൻ വീണ്ടും 16 ദിവസമാണ് എടുത്തത്. 1977-ലും 1982-ലും കെ. കരുണാകരൻ യഥാക്രമം 5, 4 ദിവസങ്ങൾക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു. 1980-ൽ ഇ.കെ. നായനാർ അധികാരമേൽക്കാൻ എടുത്തത് വെറും 4 ദിവസം.
പിന്നീട് ചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും വേഗത്തിൽ സത്യപ്രതിജ്ഞ നടന്നത് എപ്പോഴാണെന്നറിയാമോ? 1987 ആണ് കേരള ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള സത്യപ്രതിജ്ഞ നടന്നത്. മാർച്ച് 24-ന് വോട്ടെണ്ണൽ കഴിഞ്ഞ് വെറും 2 ദിവസത്തിനുള്ളിൽ അതായത് മാർച്ച് 26-ന് ഇ.കെ നായനാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലെ തന്നെ ഏറ്റവും ചുരുങ്ങിയ കാലയളവ് ഇതാണ്.
ഇനി വീണ്ടും കൂടുതൽ അടുത്ത കാലത്തെ കണക്കുകൾ നോക്കുകയാണെങ്കിൽ. 1991-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ എടുത്തത് 7 ദിവസമാണ്. 1996-ൽ ഇ.കെ. നായനാർ 9 ദിവസം എടുത്തു അധികാരമേൽക്കാൻ. 2001-ൽ എ.കെ. ആന്റണി 4 ദിവസം. 2006-ൽ വി.എസ്. അച്യുതാനന്ദൻ 7 ദിവസം. 2011-ൽ ഉമ്മൻചാണ്ടി – 5 ദിവസം. 2016-ൽ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ 6 ദിവസം എടുത്തു. എന്നാൽ 2021-ൽ രണ്ടാം പിണറായി വിജയൻ സർക്കാർവീണ്ടും അധികാരത്തിലെത്തിയപ്പോൾ 18 ദിവസമായിരുന്നു കാലതാമസം. അതിന് കാരണമായത് മറ്റൊന്നുമല്ല. നമ്മൾ അനുഭവിച്ച കോവിഡ് എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യം മൂലമായിരുന്നു.
വോട്ടെണ്ണൽ കഴിഞ്ഞ് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലെങ്കിൽ ഭരണസ്തംഭനം ഉണ്ടാകുമോ?
ഇനി ഉയരുന്ന മറ്റൊരു ആക്ഷേപമാണ് ഭരണസ്തംഭനം. എന്നാൽ നാം മനസിലാക്കേണ്ട വസ്തുത എന്തെന്നാൽ, ഫലം വന്നതിന് ശേഷവും പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെയുള്ള സമയം നിലവിലെ കാവൽ സർക്കാരിനാണ് ഭരണച്ചുമതല ഉള്ളത്. ഫണ്ട് അനുവദിക്കുന്നതായാലും, സുപ്രധാന ഫയലുകളിൽ ഒപ്പിടുന്നതായാലും ദൈനംദിന ഭരണകാര്യങ്ങൾ യാതൊരു തടസ്സവുമില്ലാതെ മുടങ്ങാതെ കൊണ്ടുപോകേണ്ടത് ഈ കാവൽ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇനി വരാനിരിക്കുന്ന പുതിയ സർക്കാർ വരട്ടെ, അപ്പോൾ ബാക്കി കാര്യങ്ങൾ അവരുതന്നെ ചെയ്യട്ടെ എന്ന് വിചാരിച്ച് തീരുമാനങ്ങളെടുക്കാതെ മാറി നിന്നാൽ മാത്രമേ അവിടെ ഭരണസ്തംഭനം എന്നൊരു അവസ്ഥ ഉണ്ടാകൂ.