ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാർ ഡാം, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, കോഴിക്കോട് കുറ്റ്യടി ഡാം, വയനാട് ബാണാസുര സാഗർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ശക്തമായ മഴതുടരുന്ന പശ്ചത്തലത്തിൽ 16 ഡാമുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ എന്നിവയുടെ ഷട്ടറുകൾ തുറന്നു. തമിഴ്‌നാട് ഷോളയാർ ഡാം തുറന്നതിനാൽ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ 10 മണിയോടെയാണ് വയനാട് ബാണസുര സാഗർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും 5 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെതുടർന്ന് വിവിധ നദികളിലും മുന്നറിയിപ്പ് നിർദേശം നൽകി.