വിഴിഞ്ഞം അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം നാടിന്റെ സ്വപ്‌നമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി 2016 ന് മുമ്പ് യുഡിഎഫ് കാലത്ത് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായത് എൽഡിഎഫ് സർക്കാരിനായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
എത്രയോ പതിറ്റാണ്ട് ആ സ്വപ്നം പേറി നടന്നു. ഓരോ വട്ടവും വിഴിഞ്ഞം പ്രാവർത്തികം ആകാനുള്ള നടപടികൾ തുടങ്ങിയപ്പോൾ പ്രയാസങ്ങൾ നേരിട്ടു മുഖ്യമന്ത്രി വിഴിഞ്ഞം രണ്ടാം നിർമാണ ഉദ്ഘാടനത്തിൽ പറഞ്ഞു. നമ്മുടെ നാട് കേട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപം ഇവിടെ പലകാര്യങ്ങളും നടക്കില്ല ഇതൊന്നും കേരളത്തിന് പറ്റിയതല്ല എന്നൊക്കെ പറഞ്ഞ് നമ്മളെ ആക്ഷേപിച്ചവരും പരിഹസിച്ചവരും ഉണ്ടായിരുന്നു എന്നാൽ ഇതിനെല്ലാം നമ്മൾ മറുപടി നൽകിയത് ഇതുപോലുള്ള അനേകം പദ്ധതികൾ യാഥാർഥ്യമാക്കി കൊണ്ടായിരുന്നു.
ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക നട്ടെല്ലായി മാറിക്കഴിഞ്ഞു. നേരത്തെ കൊളംബോയിലേക്കും സിംഗപ്പൂരിലേക്കും മാത്രം പോയിക്കൊണ്ടിരുന്നു ലോകത്തെ ഭീമൻ കപ്പലുകൾ ഇവിടെ എത്തിതുടങ്ങി മുഖ്യമന്ത്രി പറഞ്ഞു. അദാനി പോർട്ടിൻ്റെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി. 2028 ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം തുറമുഖം ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടു. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു, ഇന്ത്യയുടെ ലോജിസ്റ്റിക്ക് മേഖലയിൽ കേരളം ഇന്ന് പ്രധാനശക്തിയായി മാറാനാണ് പോകുന്നത് കണ്മുന്നിൽ കാണുന്ന യാഥാർഥ്യമാണ് അതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.