സംസ്ഥാനത്ത് സ്‌കൂളുകളില്‍ ലഹരിക്കെതിരായി സൂംബ പദ്ധതിയ്‌ക്കെതിരെ നിലപാടെടുത്ത അധ്യാപകനായ ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെടുത്തതെന്ന് ടികെ അഷ്‌റഫ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതി നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്.
മാനേജ്‌മെന്റ് നടപടി പുനഃപരിശോധിക്കണമെന്ന് കോടതി അറിയിച്ചു. അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മെമ്മോ നല്‍കി പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നു. മെമ്മോ നല്‍കിയാല്‍ അതില്‍ മറുപടി കേള്‍ക്കാന്‍ തയ്യാറാവണം. അതുണ്ടായില്ലെന്ന് ടികെ അഷ്‌റഫിന്റെ അഭിഭാഷകന്‍ പറഞ്ഞു.
സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിര്‍ബന്ധമാക്കുന്നതിന് എതിരെ ടികെ അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.