തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണം; വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബിയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഇന്ന് പ്രതിയുടെ മാതാവും കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വീട്ടിലെത്തിയ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. കെഎസ്ഇബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.

പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിലപാട്.

കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ലെന്നായിരുന്നു കെഎസ്ഇബി അധികൃതര്‍ നേരത്തെ അറിയിച്ചത്. പരാതിക്കാര്‍ നിയമ നടപടിയാണ് സ്വീകരിക്കേണ്ടത്. ഓഫീസ് ആക്രമിക്കുകയല്ല വേണ്ടത്. മറ്റുള്ളവരും ഇത് മാതൃകയാക്കിയാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് കെഎസ്ഇബിയുടെ ആശങ്ക.

കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടന്നത്. ഓഫീസില്‍ അതിക്രമിച്ച് കയറി അസിസ്റ്റന്റ് എന്‍ജിനീയറെ മര്‍ദ്ദിക്കുകയും മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്‌തെന്നാണ് പരാതി.

ആക്രമണത്തിന് പിന്നാലെ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറാണ് അക്രമികളുടെ വീടുകളിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്നായിരുന്നു നടപടി. ആക്രമണം നടത്തിയ അജ്മല്‍, ഷഹദാദ് എന്നിവരുടെ വീടുകളിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവിന് പിന്നാലെ വിച്ഛേദിച്ചത്.

കെഎസ്ഇബി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക്ക് എന്ന ഉപഭോക്താവിന്റെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് റസാക്കിന്റെ മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനെയും മര്‍ദ്ദിച്ചു.

ഇതേ തുടര്‍ന്ന് തിരുവമ്പാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രകോപിതനായി അജ്മല്‍ ശനിയാഴ്ച രാവിലെ കൂട്ടാളി ഷഹദാദുമൊത്ത് കെഎസ്ഇബി ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നു. രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ദേഹത്ത് മലിനജലം ഒഴിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

വനിതാ ജീവനക്കാരെയും പ്രതികള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് എന്‍ജിനീയറും ജീവനക്കാരും മുക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്ഇബി ആക്രമണത്തിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി