മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഫേസ്ബുക്കില്‍ വിവാദ എഐ ചിത്രം പോസ്റ്റ് ചെയ്തത് താന്‍ ആയിരുന്നില്ലെന്നും അത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളാണെന്നുമാണ് എന്‍ സുബ്രഹ്‌മണ്യന്റെ മൊഴി. ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
ചിത്രം എഐ അല്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് പോസ്റ്റ് ചെയ്തതെന്നായിരുന്നു മാധ്യമങ്ങളോട് സുബ്രഹ്‌മണ്യന്‍ ആദ്യം പ്രതികരിച്ചിരുന്നത്. ഇന്ന് മാധ്യമങ്ങളേ കാണവേ ഒരു ചിത്രത്തിന് ഒരു പിശക് കണ്ടെന്നും അപ്പോള്‍ തന്നെ നീക്കം ചെയ്തുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആള്‍ തന്റെ അറിവോട് കൂടി തന്നെയാണ് ഇത് പോസ്റ്റ് ചെയ്തതെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പൊലീസിന് മൊഴി നല്‍കി.
അതേസമയം എന്‍ സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.