തദ്ദേശതിരഞ്ഞെടുപ്പിൽ പ്രവർത്തകർക്ക് ഉപദേശവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വോട്ടർ സ്ലിപ്പ് കൊടുക്കാനും, ദേശാഭിമാനി പത്രം ചേർക്കാനും മാത്രമാവരുത് വീടുകളിൽ ചെല്ലുന്നതെന്ന് പറഞ്ഞ എം എ ബേബി ജനങ്ങളുടെ ഹൃദയത്തിലാണ് പാർട്ടിയുടെ കരുത്തെന്നും ഓർമിപ്പിച്ചു. ജനങ്ങളുമായി ജൈവബന്ധം കാത്തുസൂക്ഷിച്ചാൽ മാത്രമേ ചെങ്കൊടി പ്രസ്ഥാനത്തിൻറെ മുന്നേറ്റം ഉറപ്പാക്കാൻ കഴിയൂ എന്നും എം എ ബേബി കൂട്ടിച്ചേർത്തു.
ജനങ്ങളെ വിട്ടിട്ട്, ജനങ്ങളുടെ പ്രശ്നങ്ങൾ മറന്നു പോയിട്ട് നമുക്ക് യാതൊന്നും നേടാനില്ലെന്നും എം എ ബേബി പറഞ്ഞു. നമ്മുടെ ഒന്നാമത്തെ കടമ പാർട്ടി ഓഫീസിൽ നിന്ന് ഇറങ്ങി ജനമധ്യത്തിലേക്ക് ചെല്ലുക എന്നതാണ്. ജനങ്ങൾക്കിടയിൽ ചെന്ന് അവരുടെ കാര്യങ്ങൾ അന്വേഷിക്കുക എന്നതാണ് എന്നും എം എ ബേബി കൂട്ടിച്ചേർത്തു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് 75 സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഎം തീരുമാനം. കോര്‍പ്പറേഷനിലേക്ക് മൂന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി കെ ശ്രീകുമാര്‍, പാളയം ഏരിയാ സെക്രട്ടറി പി ബാബു, വിളപ്പില്‍ ഏരിയാ സെക്രട്ടറി ആര്‍ പി ശിവജി എന്നിവര്‍ മത്സരിക്കാനാണ് തീരുമാനമായത്.