തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ ഓർമിപ്പിച്ച് മുഖ്യമന്ത്രി സർക്കാർ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാരിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും വിവരങ്ങൾ ചോർത്തിയത് സ്വകാര്യതയുടെ ലംഘനമാണ് എന്നും ഹൈക്കോടതി പറഞ്ഞു.
സർക്കാരിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. വിവരങ്ങൾ ചോർത്തിയത് സ്വകാര്യതയുടെ ലംഘനമാണ്. ഇങ്ങനെയെങ്കിൽ വ്യക്തിഗത വിവരങ്ങൾക്ക് എന്താണ് സുരക്ഷ? മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെയാണ് സ്വകാര്യ വിവരങ്ങൾ കിട്ടുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സ്പാർക്കിലെ വിവരങ്ങൾ എങ്ങനെ കിട്ടി? ഈ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകുമോ എന്നും കോടതി ചോദിച്ചു.
ഇത്തരത്തിൽ വിവരങ്ങൾ എടുക്കരുതെന്ന് മുൻകാല ഉത്തരവുകളുണ്ട്. അതിന്റെ ലംഘനമുണ്ടായിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇനി ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി. വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം വിവരങ്ങൾ വ്യക്തമാക്കി നോട്ടീസിന് മറുപടി നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.