അഹന്തയുടെ മസ്തകത്തിനേറ്റ അടി; വിജയം അനുപമയുടേത് മാത്രമല്ലെന്ന് കെ.കെ രമ

ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കെ.കെ രമ എം.എൽ.എ. വിജയം അനുപമയുടേത് മാത്രമല്ലെന്നും ആയിരത്താണ്ടുകൾ കൊണ്ട് മനുഷ്യകുലം ആർജിച്ച നീതി ബോധത്തിന്റെയും ഭരണഘടനാദത്തമായ പൗരാവകാശങ്ങളുടെയും വിജയമാണെന്നും കെ.കെ രമ ഫെയ്സ്ബുക്കിൽ കുറിച്ചു.

നിയമസംഹിതകളെ ഭരണമുന്നണിയിലെയും അധികാര സ്ഥാപനങ്ങളിലെയും സ്വാധീനവും പാർട്ടി വാഴ്ചയും കൊണ്ട് കുഴിച്ചുമൂടാനെന്ന അഹന്തയുടെ മസ്തകത്തിനേറ്റ അടിയാണ്. അധികാരം കണ്ണടച്ചാൽ അണയില്ല, ഗതികെട്ട മനുഷ്യർ പോർനിലങ്ങളിൽ ജ്വലിപ്പിച്ച് നിർത്തിയ അഗ്നിനാളങ്ങൾ. അനുപമയുടെ കുഞ്ഞിനെ തിരികെക്കിട്ടിയതു കൊണ്ട് മാത്രം അവസാനിപ്പിക്കാനാവില്ല, ഈ വിഷയത്തിലെ ബഹുജന പ്രതിരോധമെന്നും അവർ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

ഒടുവിൽ കുഞ്ഞു അനുപമയുടേതെന്നു തെളിഞ്ഞിരിക്കുന്നു. ഈ വിജയം അനുപമയുടേത് മാത്രമല്ല. ആയിരത്താണ്ടുകൾ കൊണ്ട് മനുഷ്യകുലം ആർജിച്ച നീതി ബോധത്തിന്റെയും ഭരണഘടനാദത്തമായ പൗരാവകാശങ്ങളുടെയും വിജയമാണ്. പ്രതിഭാധനരായ മനുഷ്യർ ചർച്ച ചെയ്തും ചിന്തിച്ചും രൂപപ്പെടുത്തിയ നിയമസംഹിതകളെ ഭരണമുന്നണിയിലെയും അധികാര സ്ഥാപനങ്ങളിലെയും സ്വാധീനവും പാർട്ടി വാഴ്ചയും കൊണ്ട് കുഴിച്ചുമൂടാനെന്ന അഹന്തയുടെ മസ്തകത്തിനേറ്റ അടിയാണ്.

അധികാരം കണ്ണടച്ചാൽ അണയില്ല, ഗതികെട്ട മനുഷ്യർ പോർനിലങ്ങളിൽ ജ്വലിപ്പിച്ച് നിർത്തിയ അഗ്നിനാളങ്ങൾ. അനുപമയുടെ കുഞ്ഞിനെ തിരികെക്കിട്ടിയതു കൊണ്ട് മാത്രം അവസാനിപ്പിക്കാനാവില്ല, ഈ വിഷയത്തിലെ ബഹുജന പ്രതിരോധം. കാരണം അങ്ങേയറ്റം നീതിയുക്തവും സത്യസന്ധവും കരുണാപൂർവ്വവും നിർവഹിക്കപ്പെടേണ്ട ശിശു സംരക്ഷണവും ദത്ത് നൽകലും പോലുള്ള പ്രവൃത്തികൾ സ്വജന പക്ഷപാതത്തിന്റെ പേരിൽ മണ്ണിലിട്ട് ചവിട്ടിയരച്ച മുഴുവൻ രാഷ്ട്രീയ / ഉദ്യോഗസ്ഥ പ്രമാണിമാരും വിചാരണ ചെയ്യപ്പെടണം.

അനുപമയുടെ സ്വകാര്യ ജീവിതത്തെ അവഹേളിച്ചും സീരിയൽ കഥകളെ വെല്ലുന്ന അതി വൈകാരികതയിൽ കുഞ്ഞിനെ കസ്ററഡിയിൽ വച്ച ദമ്പതിമാരുടെ കഥ പറഞ്ഞും ഈ സംഘടിത കുറ്റകൃത്യത്തിന് സാധൂകരണം ചമച്ച , പ്രമുഖരുടെ എണ്ണം ഒട്ടും ചെറുതല്ല, കേരളത്തിൽ. ഈ മനുഷ്യത്വ വിരുദ്ധതയിൽ അവർ കൂടി ഭാഗഭാക്കാണ്. അധികാര പ്രമത്തതയുടെ ദുർഭൂതത്തിന് മുന്നിൽ നീതിബോധം നേടിയ ഈ വിജയത്തിന് എല്ലാ വിധ ഹൃദയാഭിവാദ്യങ്ങളും.

കെ.കെ.രമ

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി