ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന് മാര്‍പാപ്പ; വിമതസ്വരം ഉയര്‍ത്തുന്നവര്‍ക്ക് സഭവിട്ടുപോകാം; സിറില്‍ വാസിലിന് കൂടുതല്‍ അധികാരം; കടുത്ത നിലപാടുമായി സിനഡ്

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന് മാര്‍പാപ്പ. പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദേഹം തീരുമാനം അറിയിച്ചത്. മാര്‍പാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും വേണ്ടിവന്നാല്‍ നടപടി എടുക്കാനും മാര്‍പാപ്പ സിറില്‍ വാസിലിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സിറില്‍ വാസില്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാര്യങ്ങള്‍ ധരിപ്പിച്ചത്.

ഓഗസ്റ്റ് 4 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും മാര്‍പാപ്പയെ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരുമായി പൊന്തിഫിക്കല്‍ ഡെലഗേറ്റ് ചര്‍ച്ച നടത്തുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിക്കും അതിരൂപതയുടെ പ്രതിസന്ധികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആര്‍ച്ച്ബിഷപ് വാസില്‍ നല്‍കിയിട്ടുണ്ട്. ഏകീകൃത കുര്‍ബാനയര്‍പ്പണരീതിയെക്കുറിച്ചുള്ള സീറോമലബാര്‍ സിനഡിന്റെയും മാര്‍പാപ്പയുടെയും തീരുമാനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയുള്ള തന്റെ ദൗത്യം തുടരുമെന്നും പൊന്തിഫിക്കല്‍ ഡെലഗേറ്റ് അറിയിച്ചു.

മാര്‍പാപ്പ തീരുമാനം വ്യക്തമാക്കിയതോടെ സിനഡ് പിതാക്കന്മാരുടെ സംയുക്ത പ്രസ്താവന പുറത്തിറക്കി. പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവര്‍ക്ക് കത്തോലിക്കാ കൂട്ടായ്മയില്‍ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി. ഏറെ ദുഃഖകരമായ ഈ സാഹചര്യത്തില്‍ നമ്മുടെ കത്തോലിക്കാസഭയുടെ കൂട്ടായ്മ നിങ്ങളിലാരും നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി സീറോമലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം അംഗീകരിച്ചതും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കണം.

എറണാകുളം-അങ്കമാലി അതിരൂപതാ അംഗങ്ങളുമായി ചര്‍ച്ച തുടരുവാന്‍ സിനഡ് സന്നദ്ധമാണ്. സംഭാഷണം സുഗമമാക്കാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ (കണ്‍വീനര്‍), ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐ, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള അഞ്ച് ബിഷപ്പുമാരാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്.

ചര്‍ച്ചകള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും സിനഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവയാണ് ആ നിര്‍ദേശങ്ങള്‍.

1. എറണാകുളം-അങ്കമാലി അതിരൂപത നിലവില്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെയും കീഴിലായതിനാല്‍ പേപ്പല്‍ ഡെലഗേറ്റ് മുഖേന പരിശുദ്ധ പിതാവിന്റെ സമ്മതത്തോടെ മാത്രമേ പരിഹാരത്തിനുള്ള ഏതു നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ കഴിയൂ.
2. വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാര്‍ച്ച് 25ലെ കത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്ന ഉദ്‌ബോധനം അനുസരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ തയ്യാറാകണം.
3. ഏകീകൃത കുര്‍ബാനയര്‍പ്പണരീതി ക്രമാനുഗതമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കത്തീഡ്രല്‍ ബസിലിക്ക, പരിശീലനകേന്ദ്രങ്ങള്‍, സന്യാസ ഭവനങ്ങള്‍, തീര്‍ഥാടനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഏകീകൃത രീതിയിലുള്ള കുര്‍ബാനയര്‍പ്പണം ആരംഭിക്കേണ്ടതാണ്.
4. ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതിനുവേണ്ടി ബോധവത്കരണത്തിനായി നിശ്ചിതസമയം ആഗ്രഹിക്കുന്ന ഇടവകകള്‍ കാനോനികമായ ഒഴിവ് വാങ്ങേണ്ടതാണ്.
5. ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന വൈദികര്‍ക്കും അപ്രകാരം അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വൈദികര്‍ക്കും യാതൊരു വിധത്തിലുമുള്ള തടസ്സങ്ങളും സൃഷ്ടിക്കാന്‍ പാടില്ല.
6. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളോ സ്ഥാപനങ്ങളോ സന്ദര്‍ശിക്കുന്ന മെത്രാന്‍മാര്‍ക്ക് വിശുദ്ധ കുര്‍ബാന ഏകീകൃത
രീതിയില്‍ അര്‍പ്പിക്കുന്നതിന് തടസ്സമുണ്ടാകരുത്. ഇത്തരം അവസരങ്ങളില്‍ എല്ലാ ഇടവക വൈദികരും അതത് ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്.
7. വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങളില്‍ പരിശുദ്ധ മാര്‍പാപ്പ, മേജര്‍ ആര്‍ച്ച്ബിഷപ്പ്, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരുടെ പേരുകള്‍ അനുസ്മരിക്കേണ്ടതാണ്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി