12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി. പാലിയേക്കര ടോളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും മലയാളിയായ സുപ്രീം കോടതി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് എന്‍ വി അന്‍ജാരിയയും അടങ്ങിയ ബെഞ്ചാണ് ദേശീയപാതയിലെ ശോച്യാവസ്ഥയെ പരിഹാസത്തോടെ വിമര്‍ശിച്ചത്. പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി തുടര്‍ച്ചയായി ടോള്‍ കമ്പനിയേയും ദേശീയ പാത അതോറിറ്റിയേയും പരിഹസിച്ചു കൊണ്ട് വിമര്‍ശിച്ചത്. ടോള്‍ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

”താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്’ എന്ന് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ദേശീയപാത അതോറിറ്റിയ്ക്ക് വേണ്ടി ഹാജരായ സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. എന്നാല്‍ ദേശീയപാതയിലെ മുരിങ്ങൂരില്‍ ലോറി മറിഞ്ഞാണ് ഗതാഗത കുരുക്ക് ഉണ്ടായതെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെ വാദം കോടതിയെ ചൊടിപ്പിച്ചു. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ തിരിച്ചടിച്ചു. ഇതോടെ ദേശീയപാതയിലെ 65 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ടോള്‍ എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. 150 രൂപയെന്നായിരുന്നു മറുപടി. ഇതിന് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചത് ഇങ്ങനെയാണ്.

ഈ ഭാഗത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോള്‍? ഒരു മണിക്കൂര്‍കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്‍ 11 മണിക്കൂര്‍ അധികം എടുക്കുകയാണ്. അതിനു ടോളും നല്‍കേണ്ടിവരുന്നു.

ഗതാഗത തടസ്സം ഒഴിവാക്കാന്‍ സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിരുന്നെന്നും മഴ കാരണമാണ് നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നും തുഷാര്‍ മേത്ത വീണ്ടും പറഞ്ഞു.
ടോള്‍ പിരിവ് നിര്‍ത്തിവച്ചതു മൂലമുണ്ടായ നഷ്ടം ദേശീയപാത അതോറിറ്റിയില്‍നിന്ന് ഈടാക്കാന്‍ ഹൈക്കോടതി ടോള്‍ കരാറുകാരനെ അനുവദിച്ചതിലുള്ള ആശങ്കയാണ് എന്‍എച്ച്എയ്ക്ക് ഉള്ളതെന്നു തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. അടിപ്പാത നിര്‍മിക്കുന്നത് മറ്റൊരു കമ്പനിയാണെന്നും ഗതാഗത തടസ്സത്തിന് ഉത്തരവാദികള്‍ അവരാണെന്നും ടോള്‍ പിരിക്കുന്ന കമ്പനിയും വാദിച്ചു. നാലാഴ്ച ടോള്‍ പിരിക്കുന്നതിനാണ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രശ്‌നം പരിഹരിക്കുന്നതില്‍ കടുത്ത നിസ്സംഗതയാണ് ദേശീയപാത അതോറിറ്റി കാണിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോഴും ശക്തമായ ഭാഷയിലാണ് കോടതി റോഡിലെ പരിതാപാവസ്ഥയേയും ടോള്‍ പിരിക്കാനുള്ള സര്‍ക്കാരിന്റേയും കമ്പനിയുടേയും തിടുക്കത്തേയും വിമര്‍ശിച്ചത്. ഇത്രയും മോശം റോഡിന് എങ്ങനെ ടോള്‍ പിരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. താന്‍ ആ വഴി പോയിട്ടുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞത്. പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങള്‍ക്ക് നേരിട്ട് അറിയാമെന്ന് ബെഞ്ചിലെ രണ്ടു ജസ്റ്റിസുമാരും പറഞ്ഞു. ജനങ്ങളില്‍നിന്ന് ടോള്‍ വാങ്ങി അവര്‍ക്ക് അതിന്റെ സേവനം നല്‍കാതിരിക്കലാണിതെന്ന് സുപ്രീം കോടതി തുറന്നടിച്ചു. റോഡ് പണി പൂര്‍ത്തിയാക്കാതെ നിങ്ങള്‍ക്ക് എങ്ങനെ ടോള്‍ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് അവിടുത്തെ സാഹചര്യം വ്യക്തമായി അറിയാമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.

ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വിധി പറയാനായി മാറ്റി.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍