എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പരിഹസിച്ച് ബാനർ. പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നും സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെണ് ബാനറിൽ കുറിച്ചിട്ടുണ്ട്. ഇന്നലെയാണ് പിണറായിയേയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായത്. ഇതിനെതിരെയാണ് സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.
പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെയും ബാഹുബലിയുടേടെയും ചിത്രമുള്‍പ്പടെയുള്ള ബാനറാണ് വെട്ടിപ്പുറം ശ്രീകൃഷ്ണ വിലാസം 115 നമ്പർ എൻഎസ്എസ് കരയോഗം ഓഫീസിനു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കിയാണ് ഇന്നലെ എന്‍എസ് എസ് രംഗത്തെത്തിയത്. പിണറായി സർക്കാരിനെ വിശ്വാസമാണെന്ന് എന്‍എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസ പ്രശ്നത്തിലെ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് പറഞ്ഞ ജി സുകുമാരൻ നായർ കോൺഗ്രസിനും ബിജെപിക്കുമെതിരെ വിമർശനവും ഉന്നയിച്ചു. ശബരിമലയിൽ സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാമായിരുന്നെവെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എന്നാൽ അവർ അത് ചെയ്തില്ലല്ലോ? വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. കോൺഗ്രസിന്‍റേത് കള്ളക്കളിയാണ്. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ടുവരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.