സിദ്ദിഖ് കാപ്പനെ കുടുക്കിയത് മനോരമ ലേഖകന്റെ മൊഴിയെന്ന് റിപ്പോർട്ട്; മനോരമയ്ക്ക് എന്താണ് പൊതുസമൂഹത്തോട് പറയാനുള്ളതെന്ന് ഐക്യദാർഢ്യ സമിതി

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കേസിൽ കുടുക്കിയത് മനോരമ ലേഖകൻ വി.വി. ബിനുവിന്റെ മൊഴിയെന്ന് വാർത്താ പോർട്ടലായ “ന്യൂസ്‌ലോൺഡ്രി” റിപ്പോർട്ട്. ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറിയായിരിക്കെ കാപ്പൻ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഐക്യം തകർക്കുന്നതിനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനുമായി വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നും ബിനു വിജയൻ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

സിദ്ദിഖിനും ഡൽഹിയിലെ മറ്റ് മലയാള മാധ്യമ പ്രവർത്തകർക്കെതിരായും ബിനു നൽകിയ വിശദമായ മൊഴി മഥുര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ യുപി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ വർഗീയവാദിയായി ചിത്രീകരിച്ച് ഓർഗനൈസർ അസോസിയേറ്റ് എഡിറ്റർ ജി ശ്രീദത്തന് ബിനു അയച്ച ഇമെയിലുകളുടെ പകർപ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.

മനോരമ ലേഖകന്റെ മൊഴി പുറത്തു വന്നതോടെ വിഷയത്തിൽ മലയാള മനോരമയ്ക്ക് എന്താണ് പൊതുസമൂഹത്തോട് പറയാനുള്ളതെന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ശ്രീജ നെയ്യാറ്റിൻകര ചോദിച്ചു. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജ മനോരമയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് കുറിപ്പ്

സിദ്ദിഖ് കാപ്പൻ കേസ് – മനോരമ ലേഖകൻ ബിനു വിജയന്റെ മൊഴി .. തങ്ങളുടെ സ്ഥാപനത്തിനുള്ളിലെ ഒറ്റുകാരനെ കുറിച്ച് മലയാള മനോരമയ്ക്ക് എന്താണ് പൊതുസമൂഹത്തോട് പറയാനുള്ളത് …? 2020 ഒക്ടോബർ അഞ്ചിന് ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകും വഴിയാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യു പി പോലീസ് തട്ടിക്കൊണ്ടു പോയതും തുടർന്ന് യു എ പി എ ചാർത്തി ജയിലിലിടുന്നതും …. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഫാസിസത്തിന്റെ ക്രൂരമായ പീഡനങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന സിദ്ദിഖ് കാപ്പനെതിരെയുള്ള കുറ്റപത്രത്തിലെ വിവരങ്ങൾ ഇപ്പോഴിതാ ന്യൂസ് ലോൺഡ്രി പുറത്തു വിട്ടിരിക്കുകയാണ്.

കുറ്റപത്രത്തിൽ സിദ്ദിഖ് കാപ്പനെതിരെ മനോരമ ലേഖകൻ ബിനു വിജയന്റെ മൊഴിയുണ്ട് എന്നാണ് ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്യുന്നത് .. വർഗീയ കലാപങ്ങൾക്കും, ദേശീയ ഐക്യം തകർക്കുന്നതിനും, സാമുദായിക ധ്രുവീകരണം സൃഷ്‌ടിക്കുന്നതിനും കാപ്പൻ തന്റെ ലേഖനങ്ങളിലൂടെ ശ്രമിച്ചു എന്നാണ് ബിനു മൊഴി നൽകിയിരിക്കുന്നത് .. ഇങ്ങനൊരു മൊഴി അഥവാ സംഘ് പരിവാർ ഉന്നയിക്കുന്ന പെരും നുണ മലയാള മനോരമയിലെ ഒരു ലേഖകൻ സംഘ് പരിവാർ വേട്ടയാടിപ്പിടിച്ച ഒരു മാധ്യമപ്രവർത്തകനെതിരെ നൽകുക … അതെത്രമാത്രം ക്രൂരതയാണ്‌ …. ദ്രോഹമാണ്‌. സിദ്ദിഖ് കാപ്പനും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടവരും രാജ്യത്തുടനീളം വർഗീയ പോരാട്ടത്തിനായി ആസൂത്രണം ചെയ്യുന്നവരാണ് എന്ന് മനോരമ ലേഖകൻ മൊഴി നൽകുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് .?

സിദ്ദിഖ് കാപ്പന് എതിരായ മൊഴി രേഖപ്പെടുത്താൻ എസ് ടി എഫിന്റെ നോയിഡയിലുള്ള ഓഫീസിലേക്ക് അന്വേഷണോദ്യോഗസ്ഥർ ബിനുവിനെ വിളിക്കുമ്പോൾ തനിക്ക് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണിയുള്ളത് കൊണ്ട് വരാൻ കഴിയില്ല എന്നും താൻ അയച്ച ഇ മെയിൽ മൊഴിയായി രേഖപ്പെടുത്തണമെന്നും ബിനു അന്വേഷണോദ്യോഗസ്ഥനോട് ഫോണിൽ പറഞ്ഞുവെന്നും കുറ്റപത്രം പറയുന്നു. ബിനു വിജയൻ ജന്മഭൂമിയുടേയോ ഓർഗനൈസറിന്റെയോ ലേഖകൻ ആയിരുന്നെങ്കിൽ ഇങ്ങനൊരു പോസ്റ്റ് ഞാൻ എഴുതില്ലാതിരുന്നു…. മലയാള മനോരമയിലിരുന്നു കൊണ്ട് നിരപരാധിയായൊരു മാധ്യമ പ്രവർത്തകനെ ഫാസിസത്തിന് കടിച്ചു കുടയാൻ ഇട്ടു കൊടുക്കുന്ന ആ രാഷ്ട്രീയമുണ്ടല്ലോ അത് അങ്ങേയറ്റം അപകടമാണ് … അതുകൊണ്ടു തന്നെ മലയാള മനോരമ മറുപടി പറയാൻ ബാധ്യസ്ഥമാണ്.
സംഘ് പരിവാർ കൃത്യമായി ആസൂത്രണം ചെയ്ത് വേട്ടയാടി പിടിച്ചതാണ് സിദ്ദിഖ് കാപ്പൻ എന്ന മുസ്ലീമിനെ .. ആ വേട്ടയ്ക്ക് മനോരമ ലേഖകൻ കൂടെ പങ്കാളിയാണ് എന്നറിയുമ്പോൾ മലയാള മനോരമ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നറിയാൻ താല്പര്യമുണ്ട്.

ശ്രീജ നെയ്യാറ്റിൻകര
ജനറൽ കൺവീനർ
സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി

Latest Stories

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്