കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പിൽ പറയുന്നു. നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്.
അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടുവെന്നും കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പിൽ പറയുന്നു. അതേസമയം റീമയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു. കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്.
രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്.