വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്‌കൂള്‍സമയത്തില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ പന്ത്രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേരത്തേ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ കൂടുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് മദ്രസ സമയക്രമത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനം അപക്വവും, അപ്രായോഗികവുമാണെന്നും, വിദ്യാര്‍ഥികളെയും, രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.